തിരുവനന്തപുരം: പാച്ചല്ലൂരിൽ പ്ലാസ്റ്റിക്ക് മാലിന്യത്തിനു തീ പിടിച്ചു.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കൂട്ടിയിട്ട ആശുപത്രി മാലന്യം ഉൾപ്പെടെയുള്ള പ്ലാസ്റ്റിക്ക് മാലിന്യത്തിനാണ് തീ പിടിച്ചത്. ഇടവിളാകത്തിനും അഞ്ചാം കല്ലിനുമിടയിലാണ് തീ പിടിത്തം.
തീ പടർന്നു പിടിച്ചു പ്രദേശമാകെ പുക പടലം കൊണ്ടു മൂടി. ഇതോടെ നാട്ടുകാർ പരിഭ്രാന്തരായി വിവരം വാർഡ് കൗൺസിലറെ അറിയിച്ചു. പിന്നാലെ കൗൺസിലർ ഇടപെട്ട് ഫയർഫോഴ്സിനേയും നഗരസഭ അധികൃതരേയും അറിയിച്ചു.
വിഴിഞ്ഞത്തു നിന്നു ഫയർഫോഴ്സ് സംഘമെത്തി തീ പടരാതിരിക്കാൻ ജെസിബി ഉപയോഗിച്ചു മണ്ണിട്ടു മൂടുകയായിരുന്നു.
നാട്ടുകാരിൽ പലർക്കും പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം ഉൾപ്പെടെയുണ്ടായി. പുരയിടത്തിലെ ചതുപ്പ് നികത്തുന്നതിന്റെ ഭാഗമായി മാലിന്യം കൊണ്ടിട്ടതായിരുന്നു. പരാതി വന്നതോടെ ഉടമ തീയിട്ടെന്നും ആരോപണമുണ്ട്. സംഭവത്തിൽ സ്ഥലം ഉടമയിൽ നിന്നു നഗരസഭ ആരോഗ്യ വിഭാഗം പിഴ ഈടാക്കി.