തിരുവനന്തപുരം: മഴയ്ക്കിടെ തോട്ടിൽ വീണ ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയോടെ ശാസ്തമംഗലം മഹാദേവർ ക്ഷേത്രത്തിന് എതിർവശത്തുള്ള തുറവൂർ ലെയ്നിലെ അസറ്റ് ഫ്ലാറ്റിന്റെ പരിസരത്തുള്ള തോട്ടിലാണ് ശ്യാം എന്ന യുവാവ് ബൈക്കുമായി വീണത്.
സ്വിഗ്ഗി ജീവനക്കാരനായ തിരുമല സ്വദേശി ശ്യാം ഭക്ഷണ പായ്ക്കറ്റ് വിതരണം ചെയ്യുന്നതിനായി ഗൂഗിൾ മാപ്പ് ഉപയോഗിച്ച് പോകുന്നതിനിടെയായിരുന്നു സംഭവം.
തോട്ടിൽവീണ ശ്യാമും ബൈക്കും ഒഴുക്കിൽപ്പെട്ടെങ്കിലും 20 അടി താഴെയുള്ള കലുങ്കിൽ പിടികിട്ടിയതിനാൽ ഒഴുകിപ്പോയില്ല. തുടർന്ന് നാട്ടുകാരെത്തി പിടിച്ചുകയറ്റുകയായിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സെത്തി ബൈക്കും തിരിച്ചെടുത്തു.