തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിൽ മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെ പങ്കെടുപ്പിച്ച് നഗരത്തെ വെടിപ്പാക്കി . രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.
വൈകുന്നേരം മൂന്ന് മണിമുതലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നഗരസഭയുടെ കീഴിലെ ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ ആകെ 3,204 തൊഴിലാളികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
നഗരസഭയ്ക്ക് കീഴിലെ 30 വാര്‍ഡുകളെ ഉത്സവമേഖലയായി പ്രഖ്യാപിച്ചായിരുന്നു പൊങ്കാല മഹോത്സവം. ഇവിടങ്ങളില്‍ നൂറോളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. സിനിമകളില്‍ കൃത്രിമ മഴ പെയ്യിക്കുന്ന തരംഗിണിയുടെ 7 ടാങ്കറുകള്‍ ഉള്‍പ്പെടെ 22 ടാങ്കറുകളാണ് മഴപെയ്യിച്ചുകൊണ്ടുള്ള ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.