ആറ്റിങ്ങൽ: ഓൺലൈൻ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്തു യുവാവിൽ നിന്ന് 45 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി പിടിയിൽ.
പാലക്കാട് കൊല്ലങ്കോട് കവലക്കോട് കിഴ്പട ഹൗസിൽ ഹിത കൃഷ്ണ(30) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ, ഇടയ്ക്കോട് സ്വദേശി കിരൺ കുമാറാണ് തട്ടിപ്പിനിരയായത്.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി ആണെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഷെയർ മാർക്കറ്റും, ഓൺലൈൻ ട്രേഡിങ്ങും നടത്തി ലാഭമുണ്ടാക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നു.
2022 ഏപ്രിൽ 30ന് കിരൺ കുമാറിന്റെ വീട്ടിൽ വച്ച് ഡെമോ കാണിച്ച് ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച ശേഷമാണ് തട്ടിപ്പ്. കിരൺ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.
വിവരമറിഞ്ഞ് ഒളിവിൽപോയ ഹിത മുൻകൂർജാമ്യം തേടി ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചു.
ഒളിവിൽപോയ ഹിതയെ കൊച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു