തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ മാല മോഷ്ടിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്.
തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പ്രിയങ്ക മുഖർജിയാണ് പരാതി നൽകിയത്. ഫ്ലൈറ്റ് അറ്റൻഡന്‍റ് തന്‍റെ കുട്ടിയെ വാഷ്‌റൂമിൽ പോകാൻ സഹായിച്ചെന്നും തിരിച്ചുവന്നപ്പോൾ കുട്ടി ധരിച്ചിരുന്ന സ്വർണ മാല കാണാനില്ലായിരുന്നുവെന്നും പ്രിയങ്ക നൽകിയ പരാതിയിൽ പറയുന്നു.
ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്‍റായ അദിതി അശ്വിനി ശർമ്മയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.
പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂർണ പിന്തുണയും സഹകരണവും നൽകുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.