അമ്പലുക്ക് വിനീത കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി 21 ന്

IMG_20250410_144018_(1200_x_628_pixel)

തിരുവനതപുരം: പേരൂർക്കട അമ്പലമുക്ക് അലങ്കാര ചെടി വില്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വീട്ടിൽ രാഗിണി മകൾ (38) വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റകാരനെന്ന് കോടതി.

തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ്‌ നഗറിൽ ഡാനിയൽ മകൻ രാജേന്ദ്രൻ (40) ആണ് കേസിലെ പ്രതി.

കുറ്റകരമായ വസ്തു കൈയ്യേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവർച്ച (397) തെളിവ് നശിപ്പിക്കൽ (201) എന്നീ കുറ്റങ്ങൾക്കാണ് തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹൻ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷയെക്കുറിച്ച് ഏപ്രിൽ 21 ന് വിധി പറയും.

കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണന്നുള്ള പ്രോസിക്യൂഷൻ വാദത്തെ തുടർന്ന് പ്രതിയെ കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. വധശിക്ഷ നൽകുന്നതിനെ സംബന്ധിച്ച് സുപ്രീം കോടതി 1980 ൽ പുറപ്പെടുവിച്ച ബച്ചൻ സിംഗ് കേസ് വിധി പ്രകാരമുള്ള മൂന്നും, നാലും വ്യവസ്ഥകളായ പ്രതി സമൂഹത്തിന് തുടർച്ചയായ ഭീഷണിയായി മാറുന്ന തരത്തിലുള്ള അക്രമ പ്രവർത്തനങ്ങൾ ഇനി നടത്താതിരിക്കാനുള്ള സാധ്യതയുണ്ടോ, പ്രതിയെ പരിഷ്കരിക്കാനും പുനരധിവസിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള എന്തെങ്കിലും സാധ്യതകളുണ്ടോ എന്നും കാണിക്കുന്ന റിപ്പോർട്ട് തിരുവനന്തപുരം ജില്ലാ കളക്ടർ മുദ്രവച്ച കവറിൽ സമർപ്പിക്കണം.

പ്രതിയെ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഒരു സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം.പ്രതിയുടെ ജീവിതത്തിന്റെ സാമൂഹിക വിലയിരുത്തൽ പഠനത്തെക്കുറിച്ച് കന്യാകുമാരി,തിരുവനതപുരം ജില്ലാ പ്രൊബേഷൻ ഓഫീസർമാർ റിപ്പോർട്ട് സമർപ്പിക്കണം.

തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് പ്രതിയുടെ ജയിലിനുള്ളിലെ സ്വഭാവവും പെരുമാറ്റവും സംബന്ധിച്ച് റിപ്പോർട്ട് നൽകണം.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പ്രതിയുടെ കുറ്റകരമായ മുൻ പ്രവൃത്തികളെ കുറിച്ച് റിപ്പോർട്ട് നൽകണം.

കന്യാകുമാരി ജില്ലയിലെ പ്രതിയുടെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിശദാംശങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. എല്ലാ റിപ്പോർട്ടുകളും 7 ദിവസത്തിനുള്ളിൽ പ്രത്യേക മുദ്രവച്ച കവറുകളിൽ സമർപ്പിക്കണം.റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ പ്രതിയുടെ വാദം കേൾക്കുമെന്നും കോടതി പറഞ്ഞു.

2022 ഫെബ്രുവരി ആറ് ഞായറാഴ്ചയായിരുന്നു തലസ്ഥാന നഗരത്തെ നടുക്കിയ സംഭവം. കടുത്ത ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഉള്ളപോഴാണ് രാജേന്ദ്രൻ പട്ടാപ്പകൽ വിനീതയെ നഗര ഹൃദയത്തിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വിനീതയുടെ നാലര പവൻ തുക്കം വരുന്ന സ്വർണ്ണ മാല കവരുന്നതിനായാണ് പ്രതി ക്രൂര കൃത്യം നടത്തിയത്. ഇയാൾ പേരൂർക്കട ഭാഗത്തെ ഒരു ഹോട്ടലിൽ ഒരു മാസത്തിലേറെയായി ജോലി നോക്കി വരികയായിരുന്നു.

അമ്പലമുക്ക് കുറവൻകോണം റോഡിലെ “ടാബ്സ് അഗ്രി ക്ലിനിക്“ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു വിനീത. ചെടികൾക്ക് വെള്ളമൊഴിക്കാനായിരുന്നു ഞായറാഴ്ച വിനീത സ്ഥാപനത്തിൽ എത്തിയത്.തമിഴ്നാട്ടിൽ നിന്നും പേരൂർക്കടയിലെ ടീ സ്റ്റാളിൽ ജീവനക്കാരനായിരുന്ന രാജേന്ദ്രൻ കൃത്യദിവസം രാവിലെ 11:30 മണിയോടെ അമ്പലമുക്ക് ജംഗ്ഷനിൽ നിന്നും കുറവൻകോണം റോഡിലൂടെ നടന്ന് സാന്ത്വനം ആശുപത്രി ജംഗ്ഷനിൽ നിന്നും അമ്പലനഗറിലേക്ക് തിരിയുന്ന റോഡ് വഴി ലുണീക്ക ഫാഷൻസ് കെട്ടിടത്തിന് മുന്നിലുള്ള റോഡിലൂടെ നടന്ന് ടാബ്സ് അഗ്രിക്ലിനിക് എന്ന സ്ഥാപനത്തിന് മുന്നിലെത്തിയ പ്രതി സ്ഥാപനവും വിനീതയുടെയും നീക്കങ്ങൾ വീക്ഷച്ചതിന് ശേഷം 11:42 മണിയോടെ ടാബ്സ് അഗ്രി ക്ലിനിക്കിൽ ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന കയറിയ രാജേന്ദ്രൻ വിനീതയുമായി സംസാരിച്ച ശേഷം ചെടിച്ചട്ടികൾ സൂക്ഷിച്ചിട്ടുള്ള ഷെഡിലേക് രാജേന്ദ്രന്റെ ആവശ്യപ്രകാരം ചെടിച്ചട്ടി എടുക്കാനായി കയറിയ വിനീതയുടെ പുറകെ ഷെഡിന് ഉള്ളിലേക്ക് കയറിയ രാജേന്ദ്രൻ വിനീതയുടെ മൂക്കും വായും ബലമായി പൊത്തിപിടിച്ഛ് രാജേന്ദ്രന്റെ പാന്റിന് അടിയിൽ കരുതിയിരുന്ന കത്തി എടുത്ത് വിനീതയുടെ കഴുത്തിന്റെ മുൻവശത്തായി തുരു തുരെ ആഞ്ഞു കുത്തി കൊലപ്പെടുത്തിയ ശേഷം വിനീത കഴുത്തിൽ ധരിച്ചിരുന്ന 4 1/2 പവൻ തൂക്കം വരുന്ന ദളപതി ഫാഷനിലുള്ള സ്വർണമാല കവർച്ച ചെയ്തെടുത്തു. വിനീതയുടെ മൃതദേഹം ഷെഡിന്റെ മൂലയിലുള്ള തറയിൽ മലർത്തി കിടത്തിയതിന് ശേഷം അവിടെയുണ്ടായിരുന്ന മണലരിപ്പയും ഫ്ളക്സ്ഷീറ്റും കൊണ്ട് മൂടി മൃതദേഹം ഒളിപ്പിച്ചു. തുടർന്ന് 11:54മണിയോടെ സാന്ത്വനം ആശുപത്രി ജംഗ്ഷനിൽ എത്തി .ഓട്ടോറിക്ഷക്ക് കൈ കാണിച്ച് നിർത്തി കയറി മുട്ടടക്ക് സമീപത്തിറങ്ങി അവിടയുള്ള കോർപറേഷൻ വക അലപ്പുറം കുളത്തിൽ രക്തം പുരണ്ട ഷർട്ട്‌ ഉപേക്ഷിച്ചു. ഷർട്ടിനടിയിൽ ധരിച്ചിരുന്ന ടീ ഷർട്ടും ധരിച്ച് ഒരു സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് പരുത്തിപ്പാറയിലൂടെ ഉള്ളൂർ ഇറങ്ങിയ ശേഷം അവിടെ നിന്ന് മറ്റൊരു ഓട്ടോറിക്ഷയിൽ കയറി വീണ്ടും കേശവദാസപ്പുരം വഴി തന്റെ താമസമുറിയിലേക്ക് എത്തി.

വിനീതയെ കൊലപ്പെടുത്തുന്ന സമയത്ത് വിനീത പ്രതിരോധിച്ചതിൽ വെച്ച് രാജേന്ദ്രന്റെ വലത് കൈയിലും പരിക്കേറ്റിരുന്നു. തന്റെ കൈയിലേറ്റ മുറിവുകൾ തേങ്ങ ചുരണ്ടിയതിൽ വെച്ച് ഉണ്ടായതാണെന്ന് വരുത്തി തീർക്കാൻ ഹോട്ടൽ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ച് കൊണ്ടിരുന്ന ഇലക്ട്രിക് ചിരവയിൽ സ്വമേധയാ തന്റെ വലത് കൈ വെച്ച് മുറിവുണ്ടാക്കിയ ശേഷം രാത്രി 7:40 ന് പേരൂർക്കടാ ജില്ലാ ആശുപത്രിയിൽ ചികിത്സ നേടി പിറ്റേ ദിവസം രാവിലെ ബാഗുമെടുത്ത് തന്റെ സ്വദേശമായ തമിഴ്നാട് കാവൽക്കിണറിലേക്ക് കടന്നു.

ഫെബ്രുവരി 11ന് കാവൽകിണറിൽ നിന്നും പ്രതിയെ പേരൂർക്കട സി.ഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. വിനീത ധരിച്ചിരുന്ന സ്വർണമാല തമിഴ്നാടിലെ കാവൽകിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിരുന്നത് പോലീസ് കണ്ടെടുത്തിരുന്നു.

ദൃസാക്ഷികളാരും ഇല്ലാതിരുന്ന കേസിൽ പ്രോസീക്യൂഷന് സഹായകരമായത് സാഹചര്യ തെളിവുകളും, ശാസ്ത്രീയമായ തെളിവുകളും, സൈബർ ഫോറെൻസിക് തെളിവുകളുമാണ്. കൃത്യദിവസം കൃത്യത്തിന് മുൻപും ശേഷവുമുള്ള രാജേന്ദ്രന്റെ സഞ്ചാരപദങ്ങൾ നഗരത്തിലെ സിസിടിവി ക്യാമറകളിൽ നിന്ന് പോലീസ് കണ്ടെടുത്തത് 11 പെൻഡ്രൈവുകളിലാക്കി പ്രോസീക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം വിനീത ധരിച്ചിരുന്ന സ്വർണമാല കണ്ടെടുക്കുന്നതിന്റെയും രാജേന്ദ്രൻ ധരിച്ചിരുന്ന രക്തം പുരണ്ട ഷർട്ട്‌ അലപ്പുറം കുളത്തിൽ നിന്ന് കണ്ടെടുക്കുന്നതിന്റെയും വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന കത്തി പ്രതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഒളിപ്പിച്ചുവെച്ചത് കണ്ടെടുക്കുന്നതുൾപ്പടെയുള്ള 7 ഡിവിഡി ദൃശ്യങ്ങളും അടങ്ങിയ 68 ലക്ഷ്യം വകകൾ പ്രോസീക്യൂഷൻ ഹാജരാക്കിയിരുന്നു. വിനിതയുടെ മാതാവ് രാഗിണി സഹോദരൻ വിനോദ്, ടാബ്സ് അഗ്രി ക്ലിനിക് ഉടമ തോമസ് മാമൻ ഉൾപ്പടെ 96 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. 222 രേഖകളും ഹാജരാക്കി.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, ദേവിക മധു, ഫസ്ന.ജെ, ചിത്ര. ഒ.എസ് എന്നിവർ ഹാജരായി.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന സ്പർജൻ കുമാറിന്റെ മേല്‍നോട്ടത്തില്‍ കന്റോൺമെന്റ് എ.സി.യായിരുന്ന വി.എസ്.ദിനരാജ്, , പേരൂര്‍ക്കട സി.ഐ. ആയിരുന്ന വി.സജികുമാര്‍, ജുവനപുടി മഹേഷ് ഐ.പി.എസ്, സബ് ഇൻസ്പക്ടർമാരായ എസ്.ജയുമാർ, ആർ. അനിൽകുമാർ, മീന എസ്.നായർ , സീനിയർ സിവിൽ പോലീസുകരായ പ്രമോദ്.ആർ, നൗഫൽ റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്..

സമാനസ്വഭാവമുള്ള മൂന്ന് കൊലപാതകങ്ങൾ തമിഴ്നാട്ടിൽ ചെയ്തശേഷം ജാമ്യത്തിൽ കഴിയവെയാണ് പ്രതി പേരൂർക്കടയിലെ കൊലപാതകം നടത്തിയത്‌. തമിഴ്നാട് തിരുനെൽവേലി ആരുൽവാമൊഴി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ (58) , ഭാര്യ വാസന്തി (55), വളർത്ത് മകൾ അഭിശ്രീ (13) എന്നിവരെ കൊലപെടുത്തി 95ഗ്രാം സ്വർണാഭരണം കവർച്ച നടത്തിയ കേസിലും രാജേന്ദ്രൻ പ്രതിയാണ്. അതിന്റെ വിചാരണ നാഗർകോവിൽ സെഷൻസ് കോടതിയിൽ നടന്നു വരുന്നു.

ഉന്നതബിരുദ്ധധാരിയായ രാജേന്ദ്രൻ ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിംങ്ങിൽ പണം നിക്ഷേപിക്കുന്നതിന് വേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!