ചിറയിൻകീഴ് : മുതലപ്പൊഴി അഴിമുഖത്ത് മണൽമൂടിയതിനെതുടർന്നുണ്ടായ പൊഴി മുറിക്കാനുള്ള അധികൃതരുടെ ശ്രമം മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി നിർത്തിെവച്ചു.
മണൽ നീക്കാൻ കൂടുതൽ ഡ്രജ്ജറുകൾ എത്തിക്കാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്നു മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർ പിൻമാറിയത്.
ബുധനാഴ്ച മന്ത്രിതലയോഗത്തിനുശേഷം ജില്ലാഭരണകൂടം പുറപ്പെടുവിച്ച ഉത്തരവുമായാണ് റവന്യൂ, തുറമുഖ, ഫിഷറീസ്, പോലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘം മുതലപ്പൊഴിയിലെത്തിയത്.
രാവിലെ പതിനൊന്നുമണിയോടെയാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. സമരരംഗത്തുണ്ടായിരുന്നവർ ഉദ്യോഗസ്ഥസംഘത്തെ തടയുകയായിരുന്നു.
സംഘർഷസാധ്യത മുന്നിൽക്കണ്ട് കൂടുതൽ പോലീസുകാരെ സ്ഥലത്തെത്തിച്ചു. പ്രതിഷേധക്കാരെ പോലീസ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.