വെള്ളറട: വെള്ളറടയില്‍ 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വന്നതോടെ രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്.
കടുത്ത പനിയെ തുടര്‍ന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആംബുലന്‍സ് വിളിച്ചത്.
എന്നാല്‍ കുരിശുമല സ്പെഷ്യല്‍ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്ന് ആന്‍സിയുടെ ബന്ധുക്കള്‍ പറയുന്നു.
ആംബുലന്‍സിനായി ഒന്നര മണിക്കൂര്‍ കാത്തുനിന്നെന്നും പരാതിയുണ്ട്. ഇതിനിടെ ആംബുലന്‍സ് സേവനം ലഭ്യമല്ലെന്ന് പറയുന്നതിന്റെ ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
വെള്ളറട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനി പ്രസാദ് 108 ആംബുലന്‍സിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററിലേക്ക് വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. കുരിശുമല തീര്‍ഥാടനം പ്രമാണിച്ച് സ്പെഷ്യല്‍ ഡ്യൂട്ടിയുള്ളതിനാല്‍ ആശുപത്രിയിലുള്ള ആംബുലന്‍സ് വിട്ടുനല്‍കാനാകില്ലെന്നാണ് കസ്റ്റമര്‍ കെയര്‍ സെന്ററില്‍ നിന്ന് അറിയിച്ചത്.