മലയിൻകീഴ്: അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നേകാൽ വയസുള്ള കുഞ്ഞ് മരിച്ചു.
ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടിൽ സിബിൽ ആൻസി ദമ്പതികളുടെ ഏകമകൾ ഇസാ മരിയ സിബിൻ ആണ് മരിച്ചത്.
വീടിന് സമീപമുള്ള അങ്കണവാടിയിൽ നിന്ന് അമ്മുമ്മ സുധ,അപ്പൂപ്പൻ രാജു എന്നിവർക്കൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ടെത്തിയ സ്കൂട്ടർ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.
ഉടൻ കുഞ്ഞിനെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്.എ.ടി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സുധയ്ക്കും രാജുവിനും പരിക്കേറ്റിട്ടുണ്ട്.
സ്കൂട്ടർ ഓടിച്ചിരുന്ന കാപ്പിവിള പൂങ്കോട് സന്തോഷ് ഭവനിൽ വിനോദിനുംപരിക്കുണ്ട്.