തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ച് നാളിതുവരെയുള്ള പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ഷിപ്പുകള്‍ എത്തിച്ചേരുകയും കൂടുതല്‍ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനും സാധിച്ചിട്ടുണ്ടന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
അടുത്തഘട്ടം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നതിലും കൂടുതല്‍ നേട്ടങ്ങള്‍ നാടിനു സമ്മാനിക്കുന്ന ഒന്നാവും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം .
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 2 ന് രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങ് പ്രൗഢഗംഭീരമായ ചരിത്രനിമിഷമാക്കി മാറ്റാനുള്ള അനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുവേണ്ടിയുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ ചടങ്ങിലൂടെ കേരളം ലോകത്തിന്റെ നെറുകയിലേക്ക് എത്തിച്ചേരുകയാണ്.
അടുത്തഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും തുറമുഖത്തിന്റെ പാരിസ്ഥിക അനുമതിയായി. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റര്‍ കൂടി വര്‍ധിപ്പിക്കും, കണ്ടെയ്നര്‍ സംഭരണ യാര്‍ഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍ ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ വികസനം എന്നിവ പൂര്‍ത്തീകരിച്ച് 2028 തുറമുഖം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവുമെന്നും മന്ത്രി പറഞ്ഞു.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍, എം.എല്‍.എ. മാരായ അഡ്വ. വി. ജോയി, അഡ്വ. ആന്റണി രാജു, അഡ്വ. വി.കെ. പ്രശാന്ത്, മേയര്‍ ആര്യാ രാജേന്ദ്രന്‍, തുറമുഖ വകുപ്പ് സെക്രട്ടറി എ. കൗശികന്‍ ഐ.എ.എസ്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിംഗ് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്, അദാനി വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ പ്രദീപ് ജയരാമന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.