തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫീസായ എകെജി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
പുതിയ ഓഫീസിന്റെ ഉദ്ഘാടന തീയതിയുമായി ബന്ധപ്പെട്ട ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഒഴിവുള്ള ദിവസം നോക്കിയാണ് ഏപ്രില്‍ 23ന് ഉദ്ഘാടനം നിശ്ചയിച്ചത്. പഞ്ചാംഗം നോക്കിയാണ് തീയതി നിശ്ചയിച്ചതെന്ന് പറയുന്നവര്‍ക്ക് നീണ്ട നമനസ്‌കാരം പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി, പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, എകെ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
പാര്‍ട്ടി നേതാക്കള്‍, എല്‍ഡിഎഫ് ഘടകക്ഷി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നാട മുറിച്ചും ശിലാഫലകം അനാച്ഛാദനം ചെയ്തുമായിരുന്നു മുഖ്യമന്ത്രി ഓഫിസ് ഉദ്ഘാടനം നിര്‍വഹിച്ചത്. മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി.
32 സെന്റ് ഭൂമിയിൽ 9 നിലകളിലുള്ള പുതിയ ആസ്ഥാന മന്ദിരത്തിനു താഴെ 2 ഭൂഗർഭ നിലകളിലായി 40 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവുമുണ്ട്. താഴത്തെ 3 നിലകളിലാണ് ഓഫിസും സമ്മേളന ഹാളും മീറ്റിങ് മുറികളും. അതിനു മുകളിൽ നേതാക്കൾക്ക് താമസിക്കുന്നതിനുൾപ്പെടെയുള്ള സൗകര്യമാണ്. ഏറ്റവും മുകളിലത്തെ നിലയിൽ ഭക്ഷണ ഹാളും വ്യായാമ സൗകര്യങ്ങളും.
1977ൽ എ.കെ.ആന്റണി സർക്കാർ എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലയുടെ ഭൂമിയിൽനിന്ന് അനുവദിച്ച സ്ഥലത്താണ് നിലവിലെ പാർട്ടി ആസ്ഥാനം. പുതിയ ആസ്ഥാനത്തിനായി 6.5 കോടി രൂപ ചെലവിലാണ് പാർട്ടി സ്ഥലം വാങ്ങിയത്.