തിരുവനന്തപുരം: സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു.
അർബുദബാധിതനായി ചികിത്സയിലായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം.
നിലവിൽ കെ.എസ്.എഫ്.ഡി.സി ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു.
40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരൻ ജി അരവിന്ദന്റെ ഛായാഗ്രാഹകൻ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നു നൽകി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു. കാഞ്ചന സീത, എസ്തപ്പാൻ, ഒന്നുമുതൽ പൂജ്യം വരെ സിനിമകൾക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.
അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘പിറവി’ കാൻ ഫെസ്റ്റിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ച ചിത്രമാണ്. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫെസ്റ്റിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെക്കപ്പെട്ട ഏക മലയാള സിനിമയായിരുന്നു.
സിനിമമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നതപുരസ്‌കാരമായ ജെസി ഡാനിയേല്‍ ഏറ്റുവാങ്ങിയിരുന്നു.