തിരുവനന്തപുരം:നവീകരിച്ച കടയൽ മുടുമ്പ് റോഡ് ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു.
കഴിഞ്ഞ 5 വർഷക്കാലത്തിനുള്ളിൽ 1800 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് വട്ടിയൂർക്കാവിൽ നടന്നതെന്ന് എം എൽ എ പറഞ്ഞു.
വട്ടിയൂർക്കാവ്, കാട്ടാക്കട നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കുലശേഖരം പാലം പൂർത്തിയാക്കി. തോപ്പുമുക്ക് – കുല ശേഖരം റോഡ് ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ചു.
കുലശേഖരം ഗവ. യു.പി. സ്കൂളിന് എം.എൽ.എ. ഫണ്ടിൽ നിന്ന് ബസ് അനുവദിച്ചു, വട്ടിയൂർക്കാവ് നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനവും ഉടൻ തന്നെ യാഥാർഥ്യമാകുമെന്നും വി. കെ. പ്രശാന്ത് പറഞ്ഞു.
എം.എൽ.എ.യുടെ 2024-25 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് കടയൽ മുടുമ്പ് റോഡ് നവികരിച്ചത്. വെറ്റ് മിക്സ് ടാറിങ്ങും റീറ്ററിംഗ് ഉൾപ്പെടെ ഏകദേശം 672 മീറ്റർ നീളവും 3.7 മീറ്റർ വീതിയുമാണ് ഈ റോഡിനുള്ളത്.
ഉദ്‌ഘാടന ചടങ്ങിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ ജോസ് ഹാരിസ് ജോൺ, കൊടുങ്ങാനൂർ വാർഡ് കൗൺസിലർ എസ്. പത്മ എന്നിവർ പങ്കെടുത്തു.