തിരുവനന്തപുരം :സമൂഹത്തെ ക്യാൻസർ പോലെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിവസ്തുക്കളുടെ ഉപയോഗങ്ങൾക്കെതിരെ കരുത്തുറ്റ പ്രതിരോധം തീർക്കുക എന്നതാണ് സാമൂഹ്യ നീതി വകുപ്പിന്റെ പ്രഥമ പരിഗണനയെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു .
ലഹരിക്കെതിരെയുള്ള തിരുവനന്തപുരം ക്യാമ്പയിനിന്റെ രണ്ടാം ഘട്ടം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമൂഹ്യവിരുദ്ധ പ്രവണതയുള്ളവരുടെ നെറ്റ്‌വർക്കാണ് ലഹരി മാഫിയയായി പ്രവർത്തിക്കുന്നത്. അവരോട് നേരിട്ട് യുദ്ധം ചെയ്തു തന്നെ ഈ മാരക വിപത്തിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന് സാമൂഹ്യ പ്രതിബദ്ധതയും മനഃസാക്ഷിയുമുള്ള മുഴുവൻ പേരും കൈകോർത്തുപിടിക്കേണ്ട സന്ദർഭമാണിത്.
വിദ്യാലയങ്ങളെയും കലാലയങ്ങളെയും ലഹരി വിമുക്തമാക്കി തീർക്കുന്നതിന് വ്യക്തമായ കർമപദ്ധതി വിവിധ വകുപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. അവയുടെ ഏകോപനം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കാര്യക്ഷമമായി തന്നെ മുന്നോട്ട് പോകുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ലഹരി വിമുക്ത ക്യാമ്പയിനോട് അനുബന്ധിച്ച് മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ സബ് കളക്ടര്‍ ആൽഫ്രഡ് ഒ. വി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ഡോ.അരുൺ എസ് നായർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
എന്‍.എസ്.എസ്, എന്‍.സി.സി, ആസാദ് സേന, സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് ക്യാമ്പയിന്‍ നടന്നത്. ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന കലാപരിപാടികള്‍ കലാകാരന്മാരും വിദ്യാര്‍ത്ഥികളും ചേർന്ന് അവതരിപ്പിച്ചു.