നെയ്യാറ്റിൻകര: നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയെ (20) പത്തനംതിട്ട പൊലീസ് അറസ്റ്റുചെയ്തു.
പത്തനംതിട്ട പൊലീസ് രാവിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തപ്പോൾത്തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ഫീസായ 1850 രൂപ വാങ്ങിയെങ്കിലും അപേക്ഷ സമർപ്പിക്കാൻ മറന്നുപോയെന്നും ഹാൾ ടിക്കറ്റ് ചോദിച്ചപ്പോൾ, അഭിറാം എന്ന വിദ്യാർത്ഥിയുടെ ഹാൾ ടിക്കറ്റിൽ തിരിമറി നടത്തിയാണ് ജിത്തുവിന്റെ പേരിൽ തയ്യാറാക്കിയതെന്നും വെളിപ്പെടുത്തി.
അത് വാട്ട്സ് ആപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. അകലെയുള്ള സെന്റർ വച്ചാൽ പരീക്ഷ എഴുതാൻ പോകില്ലെന്ന് ഗ്രീഷ്മ കരുതി. ഗൂഗിളിൽ തിരഞ്ഞപ്പോൾ പത്തനംതിട്ടയിലെ കഴിഞ്ഞ വർഷത്തെ സെന്ററായ മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ കണ്ടു. അത് ഹാൾ ടിക്കറ്റിൽ ചേർക്കുകയായിരുന്നു. പക്ഷേ ബാർകോഡും സാക്ഷ്യപത്രവും തിരുത്താനായില്ല. ഇതാണ് തട്ടിപ്പ് പുറത്താകാൻ കാരണമായത്