ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്കുള്ള വീടിന്റെ തറക്കല്ലിട്ടു

IMG_20250619_233335_(1200_x_628_pixel)

വിതുര:എല്ലാ മേഖലകളിലും വിശാലമായ കാഴ്ചപ്പാടോടുകൂടി സർക്കാർ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ മനസ്സിലാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു.

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ ഭവനരഹിതരായ 18 കുടുംബങ്ങള്‍ക്കുള്ള വീടിന്റെ തറക്കല്ലിടൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ നടപ്പിലാക്കുന്ന നവകേരള മിഷനിൽ ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തുടങ്ങിയ പദ്ധതികൾ ഉണ്ട്. കേരളത്തിലെ മൂന്നര ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ലൈഫ് വഴി വീട് നിർമ്മിച്ചു നൽകി.

കേരളത്തിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി, അവരെ സമൂഹത്തിനൊപ്പം കൊണ്ടുവരുക എന്നത് സർക്കാർ ഏറ്റെടുത്ത വലിയ ദൗത്യമാണ്. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ, ഹരിതകേരളം മിഷൻ, എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ പദ്ധതി തുടങ്ങിയവയും വിജയകരമായി പുരോഗമിക്കുന്നു. ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത എല്ലാവർക്കും ഭൂമി ലഭ്യമാക്കുക സർക്കാർ ലക്ഷ്യമാണ്.

റവന്യൂ ഭൂമി, മിച്ചഭൂമി എന്നിങ്ങനെ കിട്ടാവുന്ന എല്ലാ തരത്തിലുമുള്ള ഭൂമി ഇതിനായി ഉപയോഗിക്കുന്നു. ലാൻ്റ് ബാങ്ക് പദ്ധതി വഴി സ്ഥലം വിലകൊടുത്ത് വാങ്ങി സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് നൽകുന്നു.

കാലാനുസൃതമായി കേരളത്തിലെ എല്ലാ റോഡുകളും സർക്കാർ നവീകരിക്കുകയാണ്. വയനാട് തുരങ്കപാതയ്ക്ക് അനുമതി ലഭിച്ചു. ആദിവാസികളെ മുൻനിരയിൽ എത്തിക്കുന്നതിന് നിരവധി പദ്ധതികൾ സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു. പട്ടികവർഗ്ഗ വകുപ്പ് രൂപീകരിച്ചതിൻ്റെ 50-ാം വർഷമാണിത്.

കേരളത്തിലെ ഭൂവിസ്തൃതി കുറഞ്ഞുവരികയാണ്. സർക്കാരിൽ നിന്ന് ലഭിക്കുന്ന ഭൂമി നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം. ചെറ്റച്ചലിലെ വീടുകൾ കെട്ടുറപ്പോടുകൂടി നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

ജി സ്റ്റീഫൻ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദുർബല വിഭാഗങ്ങൾക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും വലിയ പിന്തുണ നൽകുന്ന സർക്കാരാണ് നമുക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശീയ ജനതയുടെ സഹകരണ നിർമാണ പ്രസ്ഥാനമായ കുളത്തൂപ്പുഴ ഗോത്രജീവിക സംഘമാണ് വീട് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. 6 ലക്ഷം രൂപ ഓരോ വീടിനും ചെലവിടും. പ്രത്യേക അനുമതി നേടിയാണ് ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടുകൾ നിർമിക്കുന്നത്. ഒരു കോടി എട്ട് ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്.

വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മഞ്ജുഷ ജി ആനന്ദ്, കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി. മണികണ്ഠൻ, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ് , വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.എൽ കൃഷ്ണകുമാരി, വിതുര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി.എസ് സന്ധ്യ, ഊര് മൂപ്പൻ ബി.സദാനന്ദൻ കാണി, സംസ്ഥാന പട്ടിക വർഗ്ഗ ഉപദേശക സമിതി അംഗം ബി.വിദ്യാധരൻ കാണി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!