തിരുവനന്തപുരം:മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല നിയന്ത്രണ സമിതി യോഗം കൂടി.
കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫെറൻസ് ഹാളിലാണ് യോഗം ചേർന്നത്. ജില്ലയിലെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായുള്ള നടപടികൾ വേഗത്തിൽ ആക്കുന്നതിനും ഓരോ മാസവും കൃത്യമായ വിലയിരുത്തൽ നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി.
വനപ്രദേശത്തോട് ചേർന്നു കിടക്കുന്ന സ്വകാര്യ ഭൂമിയിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിക്കാൻ ഭൂവുടമകളോട് നിർദേശിക്കാനും നഗര പ്രദേശത്തേക്കിറങ്ങുന്ന കാട്ടുപന്നിയുടെ ശല്യം കുറയ്ക്കുന്നതിനായി മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ആന്റി വെനം സൂക്ഷിക്കുന്നതിന് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.
യോഗത്തിൽ ഡി എഫ് ഒ ഷാനവാസ് വിഷയാവതരണം നടത്തി. ഡെപ്യൂട്ടി കളക്ടർ ശ്രീകുമാർ, റൂറൽ അഡീഷണൽ സൂപ്രണ്ട് ദിനിൽ ജെ കെ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. അനിൽ കുമാർ, ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ മല്ലിക, വൈൽഡ് ലൈഫ് വാർഡൻ വിനോദ് എസ് വി തുടങ്ങിയവർ പങ്കെടുത്തു.