പരിവാഹന്‍ സൈബര്‍ തട്ടിപ്പ്: രാജ്യവ്യാപക സംഘത്തെ വാരണാസിയില്‍ നിന്നും പിടികൂടി 

IMG_20250412_212245_(1200_x_628_pixel)

തിരുവനന്തപുരം: രാജ്യവ്യാപകമായി പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവന്ന സംഘത്തെ കൊച്ചി സൈബര്‍ പോലീസ് വാരണാസിയില്‍ നിന്നും അറസ്റ്റ് ചെയ്തു. വാഹനത്തിന് ഫൈന്‍ അടയ്ക്കാന്‍ എന്ന പേരില്‍ വ്യാജ എ.പി.കെ ഫയലുകള്‍ വാട്സ് ആപ്പ് വഴി അയച്ച് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍ കുമാര്‍ സിങ് (32), മനീഷ് യാദവ് (24) എന്നിവരെയാണ് സൈബര്‍ പോലീസ് വാരണാസിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ടെലിഗ്രാം ബോട്ട് മുഖാന്തിരമാണ് വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതികള്‍ ശേഖരിച്ചത്. മനീഷ് യാദവിന്‍റെ ബന്ധുവായ 16 വയസ്സുകാരനാണ് വ്യാജ ആപ്ലിക്കേഷന്‍ തയ്യാറാക്കിയതിന്‍റെ ബുദ്ധി കേന്ദ്രം.

വ്യാജ പരിവാഹന്‍ ലിങ്ക് വഴി 85,000 രൂപ തട്ടിയെടുത്തതായി എറണാകുളം സ്വദേശി എന്‍.സി.ആര്‍.പി പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പരാതിയിന്മേല്‍ കൊച്ചി സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്. ഐ .ആർ പ്രകാരം ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ ഷമീര്‍ഖാന്‍, പോലീസ് ഉദ്യോഗസ്ഥരായ അരുണ്‍, അജിത്ത് രാജ്, നിഖില്‍ ജോര്‍ജ,് ആല്‍ഫിറ്റ് ആന്‍ഡ്രൂസ്, ഷറഫുദ്ദീന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

കേരളം, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ 2700ല്‍പരം വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതിയുടെ ഫോണില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in/ എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!