തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലുള്ള ബ്രിട്ടണിന്റെ എഫ് 35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി.
എയർ ഇന്ത്യയുടെ ഹാങ്ങറിൽ നിന്ന് വിമാനത്തെ പുഷ് ബാക്ക് ട്രാക്ടർ ഉപയോഗിച്ച് പുറത്തേക്ക് എത്തിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവുകളും ഓക്സിലറി പവർ യൂണിറ്റിന്റെ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചു.
സി.ഐ.എസ്.എഫ്. കമാൻഡോകൾ, എയർ ഇന്ത്യയുടെ സുരക്ഷാ ജീവനക്കാർ, ബ്രിട്ടിഷ് സാങ്കേതിക വിദഗ്ധർ എന്നിവരുടെ അകമ്പടിയോടെയാണ് വിമാനത്തെ പുറത്തേക്ക് കൊണ്ടുവന്നത്.
ബ്രിട്ടണിൽ നിന്നെത്തിച്ച ടോ ബാർ ഉപയോഗിച്ച് വിമാനത്തെയും ട്രാക്ടറിനെയും ബന്ധിച്ചാണ് വിമാനം കൊണ്ടുപോകുന്നത്. എപ്പോഴാണ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതെന്നതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.