വിഴിഞ്ഞം: വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസിയായ സ്‌ത്രീ അറസ്റ്റിൽ.
വെണ്ണിയൂർ നെടിഞ്ഞൽ എ ആർ ഭവനിൽ രാജ(54)ത്തിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടമ്മ അസഭ്യം പറഞ്ഞതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കാണിച്ച് പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അറസ്‌റ്റ്.
വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷ (18)യാണ് വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തുങ്ങിമരിച്ചത്.
അയൽവാസികൾ അനുഷയോട് അസഭ്യവർഷം നടത്തിയതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു. വിദ്യാർഥിനി ആത്മഹത്യ ചെയ്യുംമുമ്പ് ബന്ധുക്കളെ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞിരുന്നു. ഇത് റെക്കോഡ് ചെയ്ത ബന്ധു പൊലീസിന് കൈമാറി. തുടർന്നാണ് അറസ്റ്റ്.
ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുത്ത് പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞു.