തിരുവനന്തപുരം :ലോക മുങ്ങിമരണ ദിനത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടം ആരംഭിച്ച ജീവനം പ്രതിരോധ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ അനു കുമാരി നിർവഹിച്ചു.
‘ജീവനം-ജീവനോട് ജാഗ്രതയുടെ യുദ്ധം’ എന്നതാണ് ക്യാമ്പയിനിന്റെ ആപ്തവാക്യം.മുങ്ങിമരണ അപകടങ്ങളിൽപ്പെടുന്നവരിൽ ഭൂരിഭാഗവും ആൺകുട്ടികളാണെന്നും നന്നായി നീന്തൽ അറിയാവുന്നവർപോലും അപകടത്തിൽപ്പെടുന്ന സ്ഥിതിയാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.
എല്ലാ സ്കൂളുകളിലും മുങ്ങിമരണ പ്രതിരോധത്തെ സംബന്ധിച്ചുള്ള ബോധവത്ക്കരണം നടത്തും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ‘ജീവനം’ ക്യാമ്പയിന്റെ പ്രചാരണം ശക്തമാക്കുമെന്നും കളക്ടർ പറഞ്ഞു.
മുങ്ങിമരണ പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ സബ് കളക്ടർ ആൽഫ്രഡ് ഒ.വി ചൊല്ലികൊടുത്തു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രതിജ്ഞ ചൊല്ലാൻ നിർദ്ദേശം നൽകി. തുടർന്ന് മുങ്ങിമരണ പ്രതിരോധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി
പട്ടം ഗവ മോഡൽ ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാജു, എഡിഎം ടി.കെ വിനീത്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ ജി.ശ്രീകുമാർ, ജില്ലാ ഫയർ ഓഫീസർ സൂരജ് എസ്, സ്കൂൾ പ്രിൻസിപ്പൽ കെ.ലൈലാസ്, ഹെഡ്മാസ്റ്റർ സജീവ് കുമാർ എസ്.എ തുടങ്ങിയവർ പങ്കെടുത്തു.