തിരുവനന്തപുരം : റെയിൽവേയിൽ ജോലിവാങ്ങിനൽകാമെന്നു പറഞ്ഞ് മണക്കാട് സ്വദേശികളിൽനിന്ന് നാലുലക്ഷംരൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.
കൊല്ലം മുഖത്തല സ്വദേശി രേഷ്മ(23)യെയാണ് പേട്ട എസ്എച്ച്ഒ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
റെയിൽവേ ഡിവിഷണൽ ഓഫീസിൽ ക്ലാർക്കാണെന്നു പരിചയപ്പെടുത്തി റെയിൽവേയുടെ വ്യാജ സീലും ലെറ്റർ പാഡും ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.
മണക്കാട് സ്വദേശികളായ അനു ഇവരുടെ സഹോദരൻ അജിത്കുമാർ എന്നിവരുടെ കൈയിൽനിന്ന് നാലുലക്ഷം രൂപയാണ് ഈടാക്കിയത്. 175000 രൂപ പവർഹൗസ് റോഡിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയും ബാക്കി തുക റെയിൽവേ ഡിവിഷണൽ ഓഫീസ് പരിസരത്തുവെച്ചുമാണ് വാങ്ങിയത്.
പിന്നീട് ഇവർക്ക് നിയമനക്കത്ത് കൊടുത്തു. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ജോലിക്ക് എത്താനും നിർദേശം നൽകി. തുടർന്നിവർ ജോലിക്കെത്തിയപ്പോൾ അപ്പോയിന്റ്‌മെന്റ് ലെറ്റർ വ്യാജമാണെന്ന് റെയിൽവേ ജീവനക്കാർ അറിയിക്കുകയായിരുന്നു. രേഷ്മയും ഈ സമയം റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തി. തുടർന്നാണിവരെ അറസ്റ്റു ചെയ്തത്