തിരുവനന്തപുരം:മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല നിയന്ത്രണ സമിതി യോഗം ചേർന്നു.
കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫെറൻസ് ഹാളിലാണ് യോഗം കൂടിയത്.
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിർത്തി പ്രദേശങ്ങളിൽ വന്യമൃഗങ്ങളെ ആകർഷിക്കാത്ത തരത്തിലുള്ള ഇഞ്ചി, മഞ്ഞൾ, കുരുമുളക് തുടങ്ങിയ സുഗന്ധവ്യജ്ഞനവിളകളും ചെറുനാരകം, ഒടിച്ചുകുത്തി നാരകം തുടങ്ങിയ സിട്രസ് പഴങ്ങളും കൃഷി ചെയ്യുന്നത് പരമാവധി പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു.
കച്ചോലം, കൊടുവേലി, ആടലോടകം, വേപ്പ് തുടങ്ങിയ ഔഷധസസ്യങ്ങളും കാപ്പി ചെടികളും നട്ടുപിടിപ്പിക്കുന്നതും വന്യമൃഗങ്ങളിൽ നിന്നും രക്ഷിക്കുന്നതോടൊപ്പം കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുമെന്നും യോഗം വിലയിരുത്തി.
കൂടാതെ, പരുത്തുപ്പിള്ളി, പാലോട്, കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചുകളിലായി ഒമ്പത് ആന കിടങ്ങുകൾ സ്ഥാപിക്കുന്നുണ്ട്. ഇതിൽ നാലെണ്ണം പൂർത്തിയാവുകയും ബാക്കിയുള്ളവയുടെ പണി പുരോഗമിക്കുകയുമാണ്.
കൃഷി വിളകളുടെ സംരക്ഷണം ഉറപ്പുവരുത്താനും വന്യ ജീവി സംഘർഷം കുറയ്ക്കുന്നതിനുമായി രാഷ്ട്രീയ കൃഷി വികാസ് യോജൻ സ്‌കീം പ്രകാരം 11.8 കി.മീറ്ററിൽ ആനക്കിടങ്ങുകൾ നിർമ്മിക്കാനും കല്ലാറിൽ ഒരു ചെക്ക് ഡാമിന്റെ നിർമ്മാണത്തിനും പ്രവർത്തനാനുമതി ആയിട്ടുണ്ട്. സോളാർ ഫെൻസിംഗിന്റെ അറ്റക്കുറ്റ പണികൾ വേഗത്തിൽ തീർക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ ഡി എഫ് ഒ ഷാനവാസ്, വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.