കോവളം: വിൽപ്പന നടത്തുന്നതിനായി കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി.
വട്ടിയൂർക്കാവ് ഐ.എ.എസ് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35) ഇയാളുടെ പെണ്‍സുഹൃത്ത്
രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ(24), രാജാജി നഗർ സ്വദേശി സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്.
രശ്മിയുടെ കുട്ടികളും കാറിലുണ്ടായിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് കുട്ടികളെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
ബൈപ്പാസിലെ കോവളം ജങ്ഷനിൽവെച്ച് നടത്തിയ പരിശോധനയിൽ കാറിനുളളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ അരക്കിലോ എംഡിഎംഎ, ഒൻപതുഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ സിറ്റി ഡാൻസാഫ് കണ്ടെടുത്തു.
ഇവർ സഞ്ചരിച്ചിരുന്ന കാറും സംഘം കസ്റ്റഡിയിലെടുത്തു. കാറിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം കോവളത്ത് മഫ്തിയിലുണ്ടായിരുന്നു. പോലീസ് പിൻതുടരുന്നു എന്ന സംശയത്തെ തുടർന്ന് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഡാൻസാഫ് സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു