പാലോട്: കഞ്ചാവ് ലഹരിയിൽ പൊലീസ് പിടികൂടിയ പ്രതി സെല്ലിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പാലോട് സ്റ്റേഷനിലായിരുന്നു സംഭവം.
ലഹരിക്കേസിൽ പിടിയിലായ പാലോട് എക്‌സ് സർവീസ് കോളനി സ്വദേശി ഷാജിയാണ് (50) ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നീരീക്ഷണത്തിലുള്ള ഇയാളുടെ ആരോഗ്യനില ഗുരുതരമല്ല.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. സെല്ലിൽ പ്രതി ധരിച്ചിരുന്ന കൈലി കൊണ്ട് കഴുത്തിൽ കുരുക്കിട്ട് ഗ്രില്ലിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ദൃശ്യങ്ങൾ സി.സി ടിവിയിലൂടെ വനിതാ കോൺസ്റ്റബിൾ കണ്ടു. ഉടൻ തന്നെ സെല്ല് തുറന്ന് ഇയാളെ സമീപത്തുള്ള പാലോട് ഗവ.ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
റബ്ബർഷീറ്റ് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി എക്‌സ് സർവീസ് കോളനി സ്വദേശി ജോൺ നൽകിയ പരാതി അന്വേഷിക്കാൻ പൊലീസ് കോളനിയിലെത്തിയപ്പോൾ ഷാജി കഞ്ചാവ് ലഹരിയിലായിരുന്നു. പരിശോധനയിൽ 2 ഗ്രാം കഞ്ചാവ് ലഭിച്ചതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.