ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട്.
ആറ്റിങ്ങൽ ആലംകോട് സ്വദേശിനിയായ 23 വയസ്സുള്ള യുവതി ഏഴാം മാസത്തിൽ വീട്ടിൽ തന്നെ പ്രസവിച്ചിരുന്നു. പ്രസവശേഷം ശിശുവിനെ ആംബുലൻസിൽ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തിയപ്പോഴേക്കും ശിശുവിന് ജീവൻ നഷ്ടമായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഭർത്താവ് വിദേശത്തായിരുന്നതിനാൽ ഗർഭകാല ചികിത്സകൾ ലഭ്യമാകാനുള്ള സൗകര്യങ്ങളില്ലായിരുന്നുവെന്ന് യുവതി ഡോക്ടറോട് പറഞ്ഞത്രെ. എന്നാൽ, മറ്റേതെങ്കിലും ചികിത്സാസമ്പ്രദായങ്ങൾ സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ് എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
ആറ്റിങ്ങൽ ആലംകോട് മേഖലയിൽ പ്രവർത്തിക്കുന്ന ചില അക്വാപഞ്ചർ ചികിത്സാകേന്ദ്രങ്ങളിൽ നിന്നും ഗർഭിണികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന്, ആശുപത്രി അധികൃതർ ഇതേകുറിച്ച് ജില്ലാ കലക്ടറുടെ ശ്രദ്ധയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നുവെന്നത് ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്ത് ആറ്റിങ്ങൽ പോലീസ് അന്വേഷണം നടത്തിവരുന്നു.