ജില്ലാ വികസന സമിതി യോഗം ചേർന്നു

IMG_20250829_165324_(1200_x_628_pixel)

തിരുവനന്തപുരം:ജില്ലാ വികസന സമിതിയുടെ ആഗസ്റ്റ് മാസത്തെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ ചേർന്നു.

തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളിലെയും വട്ടിയൂർക്കാവ്, വർക്കല, ആറ്റിങ്ങൽ നിയമസഭ മണ്ഡലങ്ങളിലെയും വികസന പ്രവർത്തനങ്ങളുടെ നിലവിലെ പുരോഗതി യോഗത്തിൽ വിലയിരുത്തി.

ഓണക്കാലത്തോടനുബന്ധിച്ച് ലഹരി പരിശോധന കർശനമാക്കേണ്ടതുണ്ടെന്നും ലഹരി കേസുകളിൽപ്പെടുന്ന കടകളുടെ ലൈസൻസുകൾ റദ്ദാക്കുന്ന നടപടി തുടരണമെന്നും വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് പറഞ്ഞു.

നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വട്ടിയൂർക്കാവ് റവന്യൂ ടവറിലെ വില്ലേജ് ഓഫീസ് നിർമ്മാണം, തിരുവനന്തപുരം കോർപ്പറേഷനിലെ വെൻഡിങ് സോൺ, മേലേക്കാവ് ടൂറിസം പദ്ധതി, പട്ടം ഫ്ലൈ ഓവർ, പേരൂർക്കട മേൽപ്പാലം തുടങ്ങിയ വിഷയങ്ങളുടെ നിർമ്മാണ പുരോഗതിയും പ്രശാന്ത് എംഎൽഎ വിലയിരുത്തി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ എംഎൽഎ റോഡ്, ഉദിയന്നൂർ റോഡ് എന്നിവിടങ്ങളിലെ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുന:സ്ഥാപിച്ചതായും അറിയിച്ചു.

ആറ്റിങ്ങൽ മണ്ഡലത്തിൽ മുതലപ്പൊഴി ഹാർബറിൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഡ്രഡ്ജിങ്, സോയിൽ പൈപ്പിംഗ് പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണമെന്നും അതിനുള്ള സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്നും സാങ്കേതിക പ്രശ്നം കാരണം അപകടങ്ങൾ ഉണ്ടാകരുതെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന വഴിയുള്ള റോഡ് പണി പാതിവഴിയിൽ നിർത്തി വെക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മഴമൂലം വൈകിയ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

ഓണക്കാലത്തോടനുബന്ധിച്ച് റോഡ് അപകടങ്ങൾ വർദ്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത്  മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്നും ഔട്ടർ റിംഗ് റോഡിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തവർക്കുള്ള ധനസഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ശശി തരൂർ എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.

വർക്കല മണ്ഡലത്തിൽ പിറവം-വർക്കല ശിവഗിരി കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനസ്ഥാപിക്കുക, ഇടവ വില്ലേജ് ഓഫീസ് നിർമാണം വേഗത്തിലാക്കുക, വർക്കല താലൂക്ക് ആശുപത്രി ഗേറ്റിനു മുന്നിലുള്ള മരം മുറിച്ചു മാറ്റുക, വർക്കല മൈതാനം റെയിൽവേ അണ്ടർ പാസേജ് നടയറപ്പാലം ഓപ്പൺ എന്നിവ സൗന്ദര്യവൽക്കരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.

ആറ്റിങ്ങൽ മണ്ഡലത്തിൽ കടലുകാണി ടൂറിസം പദ്ധതി, പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് അടുത്തുള്ള കെഎസ്ആർടിസി ബസ് സ്റ്റോപ്പ് പുന ക്രമീകരിക്കൽ തുടങ്ങിയവയും ചർച്ച ചെയ്തു.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ ജില്ലയിലെ പുഷ്പകൃഷിയെ  കുറിച്ചുള്ള റിപ്പോർട്ട് ‘പൂവിളി’ വി.കെ പ്രശാന്ത് എം എൽ എ കളക്ടർ അനു കുമാരിക്ക് നൽകി പ്രകാശനം ചെയ്തു.

യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ ശക്തിവേൽ, എംഡിഎം വിനീത് ടി.കെ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് കലാമുദ്ദീൻ എം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!