തിരുവനന്തപുരം: സംസ്ഥാന ഓണം വാരാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
മൂന്നിന് (03.9.2025) നിശാഗന്ധിയിൽ മുഖ്യമന്ത്രി തിരിതെളിക്കുന്നതോടെ സംസ്ഥാനം കാത്തിരുന്ന ഓണംവാരാഘോഷ പരിപാടികൾക്ക് തുടക്കമാവും.
ഓണം വാരാഘോഷ ഉത്സവ പതാക നാളെ കൊടിയേറുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
വിളംബരഘോഷയാത്ര,വൈദ്യുത ദീപാലങ്കാരങ്ങളുടെയും മീഡിയസെന്ററിന്റെയും ഫുഡ്ഫെസ്റ്റിവലിന്റെയും ഉദ്ഘാടനം, പായസ മത്സരം, ജനപ്രതിനിധികൾ,മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കായുള്ള പ്രത്യേക വടംവലി മത്സരങ്ങൾ എന്നിവയും നടക്കും.
സെപ്തംബർ മൂന്ന് മുതൽ ഒൻപത് വരെ നടക്കുന്ന സംസ്ഥാന ഓണം വാരാഘോഷത്തിന്റെ അവസാനഘട്ട അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഓണം വിളംബര ഘോഷയാത്ര രാവിലെ 9 മണിക്ക് കനകക്കുന്ന് കൊട്ടാകരവളപ്പിൽ നിന്ന് ആരംഭിക്കും.വിവിധ വാദ്യഘോഷങ്ങളോടെയായിരിക്കും വിളംബര ഘോഷയാത്ര പുറപ്പെടുക.