തിരുവനന്തപുരം:ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ എത്തുന്നവരെ കാത്തിരിക്കുന്നത് ഇത്തവണ നിറയെ സർപ്രൈസുകളാണ്.
കനകക്കുന്നിലെ ഗോസ്റ്റ് ഹൗസാണ് മുഖ്യാകർഷണം. പേടിപ്പിക്കുകയും അതേസമയം ത്രസിപ്പിക്കുകയും ചെയ്യുന്ന ദൃശ്യവിസ്മയങ്ങളാണ് അവിടെ ഒരുക്കിയിരിക്കുന്നത്.
ഒരു പ്രേതസിനിമ ത്രില്ലിൽ കനകക്കുന്നിലെ ഗോസ്റ്റ് ഹൗസ് കണ്ടിറങ്ങാം. ഗോസ്റ്റ് ഹൗസും കണ്ട് അമ്യുസ്മെന്റ് പാർക്കിലെ പി സി കാറിലും തീവണ്ടിയിലും മിനി ജെയ്ന്റ് വീലിലും കറങ്ങാം.
മഞ്ചാടി മരച്ചുവട്ടിലെ കേരളത്തനിമയുള്ള തറവാടാണ് മറ്റൊരു കൗതുകം. കാണികൾക്ക് തറവാട്ടിലെ നാലുക്കെട്ടിൽ ഫോട്ടോയും റീൽസും എടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
കൊട്ടാരവളപ്പിലെ ഊഞ്ഞാലുകളാണ് മറ്റൊരാകർഷണം. പൂപ്പന്തൽ, താമരപ്പൂ പന്തൽ, ബിഗ് എഫ് എം സ്റ്റുഡിയോ, പുസ്തക മേള, പെറ്റ് ഷോ തുടങ്ങിയവയും ഓണം വാരാഘോഷത്തിൽ കാണാം.
പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് ആഘോഷങ്ങൾ. അതിന്റെ ഭാഗമായി കനകക്കുന്നിലെ പ്രധാന കവാടത്തിന്റെ സമീപത്തായി ഒരുക്കിയിട്ടുള്ള വൈക്കോലും കയറും കൊണ്ട് നിർമിച്ച വഴികണ്ടെത്തുന്ന ഗെയിം തലസ്ഥാന വാസികൾക്ക് പുതിയ അനുഭവമായിരിക്കും.
എല്ലാ വർഷത്തെയും പോലെ ഇത്തവണയും വൈദ്യുത ദീപാലങ്കാരങ്ങൾ രാത്രി സഞ്ചാരത്തെ വർണ്ണാഭമാക്കും. വിവിധ രൂപത്തിലും നിറത്തിലുമുള്ള ലൈറ്റുകൾ കനകക്കുന്ന് കൊട്ടാരവളപ്പിലും റോഡുകളിലും മികച്ച ദൃശ്യ ഭംഗി ഒരുക്കും.
കൂടാതെ ഫോട്ടോ കോർണറുകൾ, സെൽഫി പോയിന്റുകൾ എന്നിവ ഉൾപ്പെടെയുള്ളവയും കൊട്ടാരവളപ്പിൽ കാണാൻ കഴിയും. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കൗതുകമുണർത്തുന്ന ഗെയിം സോണുകൾ, അമ്യൂസ്മെന്റ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്.