ന്യൂഡൽഹി : ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം. 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കി. 5, 18 ശതമാനം സ്ലാബുകൾ നിലനിർത്താനാണ് തീരുമാനം.
ഇതുസംബന്ധിച്ച കേന്ദ്ര സർക്കാർ നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. അതേസമയം, സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരത്തിൽ തീരുമാനമായില്ല.
പാൽ, പനീർ, ബ്രഡ് എന്നിവയ്ക്ക് ഇനി ജിഎസ്ടി ഉണ്ടായിരിക്കില്ല. ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ചെരുപ്പ്, വസ്ത്രങ്ങൾ എന്നിവയ്ക്ക് വില കുറയും. 32 ഇഞ്ച് വരെയുള്ള ടിവികൾക്ക് 18 ശതമാനം ആയിരിക്കും ജിഎസ്ടി.ഹെയർ ഓയിലിനു 5 ശതമാനം ആയിരിക്കും ജിഎസ്ടി.
വ്യക്തിഗത ലൈഫ് ഇൻഷുറൻസിനെയും ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി. വ്യക്തിഗത ആരോഗ്യ ഇൻഷുറൻസിനും ഇതു ബാധകമായിരിക്കും.
33 ജീവൻ രക്ഷാ മരുന്നുകൾക്കും ജിഎസ്ടി ഉണ്ടാകില്ല. രാസവളത്തിനും കീടനാശിനിക്കും വില കുറയും. ചെറു കാറുകൾക്കും ജിഎസ്ടിയിൽ ഇളവുണ്ടാകും. പാൻ മസാലകൾക്കും സിഗരറ്റിനും വില കൂടും. സെപ്റ്റംബർ 22 മുതലാകും പുതിയ നികുതി നിലവിൽ വരിക.