നാഗർകോവിൽ : അഞ്ചുഗ്രാമത്തിനു സമീപം പൂട്ടിക്കിടന്ന വീട്ടിനുള്ളിൽ 5 വയസ്സുകാരനെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിലും ഒന്നര വയസ്സുള്ള അർധസഹോദരനെ സമീപത്ത് അബോധാവസ്ഥയിലും കണ്ടെത്തി.
കുമാരപുരം തോപ്പൂർ സ്വദേശി സുന്ദരലിംഗം – സെൽവി ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്.
കുടുംബപ്രശ്നത്തെത്തുടർന്ന് ഈ ദമ്പതികൾ വേർപിരിഞ്ഞ ശേഷം നാട്ടുകാരനായ സെൽവമദന്റെ ഒപ്പമാണ് സെൽവി താമസിച്ചിരുന്നത്. ഈ ബന്ധത്തിൽ ജനിച്ച ഒന്നര വയസ്സുകാരനാണ് അബോധാവസ്ഥയിലുള്ളത്. സെൽവമദൻ ഒളിവിലാണ്.
കഴിഞ്ഞ മാസം 2ന് സെൽവിയെ കാണാതായെന്ന് സെൽവമദൻ അഞ്ചുഗ്രാമം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു ശേഷം കുട്ടികളെ സംരക്ഷിച്ചിരുന്നത് സെൽവമദനാണ്. 31നാണ് ഇയാളെ കാണാതാവുന്നത്. പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്ന് ദുർഗന്ധമുയർന്നതോടെ അയൽക്കാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി വാതിൽ തകർത്തു നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
അബോധാവസ്ഥയിലുള്ള കുട്ടി ചികിത്സയിലാണ്. മൂന്നു ദിവസം ഭക്ഷണവും വെള്ളവും ലഭിക്കാഞ്ഞതാണ് കുഞ്ഞിന്റെ ആരോഗ്യം ഗുരുതരാവസ്ഥയിലാക്കിയതെന്നു കരുതുന്നു