തിരുവനന്തപുരം:അരുമ മൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കാനും റീലെടുക്കാനും കനകക്കുന്നിൽ സന്ദർശകരുടെ വൻ തിരക്ക്.
എക്സോട്ടിക്ക് പെറ്റ് ഇനത്തിൽപ്പെട്ട ഇഗ്വാനയ്ക്കും ഈജിപ്ഷ്യൻ ഫെററ്റിനും ബാൾ പൈത്തൺ പാമ്പിനുമാണ് ആരാധകർ ഏറെയും.
വട്ടപ്പാറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലോയൽ ബഡ്ഡീസാണ് മൃഗങ്ങളെ കൈയ്യിലെടുക്കാനും ഓമനിക്കാനും അവസരം ഒരുക്കിയിരിക്കുന്നത്.
ഷിറ്റ്സു, പൊമറേനിയൻ തുടങ്ങിയ നായ്ക്കുട്ടികളെ വാങ്ങാനും അക്വാ പെറ്റ് ഷോയിൽ അവസരമുണ്ട്. മക്കാവൂ തത്തകൾ, ലവ് ബേർഡ്സ് തുടങ്ങിയവയും ഇവിടുണ്ട്. മേളയിൽ നിന്നും മൃഗങ്ങളെയും പക്ഷികളെയും വാങ്ങുന്നവർക്ക് വനംവകുപ്പിന്റെ ലൈസൻസും ലഭിക്കും.
പെറ്റ് ഫാർമേഴ്‌സ് ആൻഡ് ട്രേഡ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അക്വാ പെറ്റ് ഷോയിൽ മറൈൻ എക്‌സോട്ടിക് മീനുകളുടെ വമ്പിച്ച ശേഖരവും സന്ദർശകരെ കാത്തിരിപ്പുണ്ട്. അക്വാ സ്‌ക്കേപ്പിംഗ് ഉൾപ്പെടെയുള്ള അക്വേറിയം മാതൃകകൾ ആദ്യമായിട്ടാണ് ഇത്തരമൊരു ആഘോഷപരിപാടിയിൽ ഒരുക്കിയിരിക്കുന്നത്.
മറൈൻ ഈൽ ഫിഷ്, ഫെദർ ഫിഷ്, ഓസ്കാർ തുടങ്ങിയ നൂറിലധികം മീനുകളുടെ വൈവിധ്യങ്ങളും അക്വാ ഷോയിൽ കാണാം. 50 രൂപയുള്ള ഗോൾഡ് ഫിഷ് മുതൽ രണ്ട് ലക്ഷം വരെ വിലയുള്ള അരാപൈമയും അരോണയും അലിഗേറ്റർ ഗാർ തുടങ്ങിയ വമ്പൻ മീനുകളും ഷോയിലെ താരങ്ങളാണ്. ഇംപോർട്ടഡ് അക്വേറിയം, ലൈവ് അക്വേറിയം, അക്വാ സ്കേപ്പിങ് തുടങ്ങിയവ ഉപഭോക്താക്കളുടെ ആവശ്യനുസരണം ചെയ്തു നൽകുമെന്നും സംഘാടകർ പറഞ്ഞു.