തിരുവനന്തപുരം:നഗരം മുൻപ് കാണാത്ത ജനസാഗരത്തെ സാക്ഷിയാക്കി ഓണം വാരാഘോഷത്തിന് നിശാഗന്ധിയിൽഗംഭീര സമാപനം.
ഓണാഘോഷം റിയൽ കേരള സ്റ്റോറി ആണെന്നും അഭൂതപൂർവമായ ജനപങ്കാളിത്തം കൊണ്ട് ഇത്തവണത്തെ ഓണാഘോഷം ശ്രദ്ധേയമായെന്നും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.
10 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇത്തവണ ഓണം കാണാൻ എത്തി. ലോകത്തിലെ 50 ടൂറിസം കേന്ദ്രങ്ങൾ എടുത്താൽ അതിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. കണ്ണിലെ കൃഷ്ണമണി പോലെ ക്രമസമാധാനം കാത്ത കേരള പോലീസിനും ഓണവും ആഘോഷങ്ങളും മാറ്റി വെച്ച് ഓണം വാരാഘോഷത്തിനായി ഒന്നിച്ച ഉദ്യോഗസ്ഥർക്കും വോളന്റിയേഴ്സിനും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഏവർക്കും ഓണാശംസകൾ നേർന്നു.
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിദേശ പ്രതിനിധി ലൂക്കാസ് മാർട്ടിനസ് മെയെർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഏറെ സന്തോഷത്തോടെ ഓണാശംസകൾ നേർന്നാണ് അദ്ദേഹവും മടങ്ങിയത്.
അത്തപ്പൂക്കളം, തിരുവാതിരക്കളി, വൈദ്യുത ദീപാലങ്കാരം, ഘോഷയാത്രയിൽ പങ്കെടുത്ത മികച്ച ഫ്ലോട്ടുകൾ തുടങ്ങിയവയ്ക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസും വി.ശിവൻകുട്ടിയും ചേർന്ന് വിതരണം ചെയ്തു. വൈദ്യുത ദീപാലങ്കാരത്തിൽ കേരള സർക്കാർ വകുപ്പിന് കീഴിൽ ഒന്നാം സ്ഥാനം കേരള നിയമസഭ സ്വന്തമാക്കി. പൊതുമേഖല തദ്ദേശസ്ഥാപന വിഭാഗത്തിൽ കെൽട്രോണും സർക്കാർ ഇതര സ്ഥാപന വിഭാഗത്തിൽ കാനറ ബാങ്കും ഒന്നാം സ്ഥാനം നേടി.
എംഎൽഎമാരായ ഡി.കെ മുരളി, ഐ.ബി സതീഷ്, വി.ജോയ്, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.