തിരുവനന്തപുരം: സ്ത്രീകളുടെ ആരോഗ്യം നാടിന്റെ കരുത്താണെന്നും ഊർജസ്വലമായി കാര്യങ്ങൾ ചെയ്യുന്നതിനും ഇടപെടുന്നതിനും ഓരോ സ്ത്രീയും ആരോഗ്യമുള്ളവരായിരിക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.
പള്ളിപ്പുറം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീ ( സ്ട്രെങ്ത്തനിങ് ഹെർ ടു എംപവറിങ് എവരിവൺ) ക്ലിനിക്കുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. എല്ലാ ചൊവ്വാഴ്ചകളിലും സ്ത്രീ ക്ലിനിക്കുകൾ പ്രവര്‍ത്തിക്കും. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനും
കാന്‍സര്‍ സ്‌ക്രീനിംഗിനും
ഈ ക്ലിനിക്കുകളിലൂടെ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം എല്ലാത്തരത്തിലും മാറുകയാണെന്നും സ്ത്രീകളുടെ ആരോഗ്യ കാര്യത്തിൽ ഗുണപരമായ മാറ്റം ഈ പദ്ധതിയിലൂടെ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധനകളും ബോധവത്കരണവും ഈ ക്യാമ്പയിന്റെ ഭാഗമായി നടക്കും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.ഈ സര്‍ക്കാരിന്റെ കാലത്താണ് 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഇതാണ് കേരളത്തിലെ ആരോഗ്യ മേഖലയിലുണ്ടായ പ്രധാന മാറ്റം. സമൂഹത്തില്‍ രോഗാതുരത കുറയ്ക്കുന്നതിനും എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പുവരുത്തുന്നതിനുമുള്ള അതിശക്തമായ ഇടപെടലുകളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സർക്കാർ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാവിലെ മുതല്‍ പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക സെഷ്യാലിറ്റി ക്യാമ്പും സംഘടിപ്പിച്ചു.
ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേടയിൽ വിക്രമൻ, സ്റ്റേറ്റ് എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോക്ടർ വിനയ് ഗോയൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.റീന കെ ജെ, പള്ളിത്തുറ ഇടവക വികാരി റവ. ഫാദർ ബിനു അലക്സ് തുടങ്ങിയവർ സംബന്ധിച്ചു.