‘നോർക്ക കെയർ’; പ്രവാസി മലയാളികൾക്കായുള്ള ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ഉദ്‌ഘാടനം ചെയ്തു

IMG_20250922_231355_(1200_x_628_pixel)

തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിലും അവർക്ക് ആവശ്യമായ സേവനങ്ങൾ മികച്ച ഗുണനിലവാരത്തിൽ സമയബന്ധിതമായി നൽകുന്നതിലും കേരളം മികച്ച മാതൃകയാണ് മുന്നോട്ടുവച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രവാസി മലയാളികൾക്കായുള്ള ‘നോർക്ക കെയർ’ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ഒരു സമഗ്ര ഇൻഷുറൻസ് പദ്ധതി എന്നത്. ലോക കേരള സഭയിലും ഇതേ ആവശ്യം ഉയർന്നുവന്നിരുന്നു. ആ ആവശ്യമാണ് ഇപ്പോൾ നിറവേറ്റപ്പെടുന്നത്. നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിലാണ് ‘നോർക്ക കെയർ’ എന്ന പേരിൽ പ്രവാസികൾക്കായി സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്. ലോകത്തെമ്പാടുമുളള പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സംസ്ഥാന സർക്കാർ നൽകുന്ന പ്രതിബദ്ധതയുടെ തെളിവുകൂടിയാണ് നോർക്ക കെയർ. ഈ വർഷത്തെ കേരളപ്പിറവി ദിനം മുതൽ ഈ സേവനം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണിത്. നോർക്കയുടെ ഐഡി കാർഡുള്ള ലോകമെങ്ങുമുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികളും ഇതിന്റെ പരിധിയിൽ വരും. ഈ പദ്ധതി പ്രകാരം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം നിരക്കിലുള്ള കുറവാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. മാത്രമല്ല, പോളിസി എടുക്കുന്നതിന് മുൻപുള്ള രോഗങ്ങൾക്കും കാത്തിരിപ്പ് കാലം ഒഴിവാക്കി ക്കൊണ്ടുള്ള ചികിത്സയ്ക്കും ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും.

കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളിൽ ഇതുവഴി ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാകും. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കും കുടുംബത്തിനും അവർ താമസിക്കുന്ന ഇടങ്ങളിൽതന്നെ ചികിത്സ ഉറപ്പാക്കാനാകും. നിലവിൽ രാജ്യത്തിനുള്ളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുകയെങ്കിലും, ഭാവിയിൽ ജി സി സി രാജ്യങ്ങളിലുൾപ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

നോർക്ക നടപ്പിലാക്കുന്ന ‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതി അങ്ങേയറ്റം മാതൃകാപരമാണെന്നും സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയ ‘മെഡിസെപ്’ പദ്ധതി ഇതിന് പ്രചോദനമായെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, നോർക്ക റൂട്ട്‌സ് ഡയറക്ടർ ഒ.വി. മുസ്തഫ, ലോക കേരള സഭ സെക്രട്ടേറിയറ്റ് ഡയറക്ടർ അസീഫ് കെ. യൂസഫ്, ദി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ചെയർപേഴ്‌സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഗിരിജ സുബ്രഹ്മണ്യം, കേരള നോൺ-റസിഡന്റ് കേരളൈറ്റ്‌സ് വെൽഫെയർ ബോർഡ് ചെയർപേഴ്സൺ ഗഫൂർ പി. ലില്ലിസ്, ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബാജു ജോർജ്, നോർക്ക റൂട്ട്‌സ് സി.ഇ.ഒ. അജിത് കോളശേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!