തിരുവനന്തപുരം:ജില്ലാ വികസന സമിതിയുടെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.
എഡിഎം ടി.കെ വിനീതിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോവളം, പാറശ്ശാല, നെയ്യാറ്റിൻകര, വട്ടിയൂർക്കാവ് നിയോജക മണ്ഡലങ്ങളിലേയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലേയും വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി.
തിരുവനന്തപുരം നഗരത്തിലെ എല്ലാ ഭാഗത്തും തെരുവ് വിളക്കുകൾ കത്തിക്കുന്നതിനും പേരൂർക്കട ജംഗ്ഷനിലെ വാട്ടർ അതോറിറ്റിയുടെ ഭൂമി ഉപയോഗപ്രദമാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് വി.കെ പ്രശാന്ത് എംഎൽഎ ആവശ്യപ്പെട്ടു.
തിരുവനന്തപുരം നഗരസഭയിലെ വെൻഡിംഗ് സോൺ പ്രഖ്യാപിക്കുന്നത വേഗത്തിലാക്കണമെന്നും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വട്ടിയൂർക്കാവ് റവന്യൂ ടവർ, മുട്ടട സബ് രജിസ്ട്രാർ ഓഫീസ്, മേലേക്കടവ് ടൂറിസം പദ്ധതി, പട്ടം ഫ്ലൈ ഓവർ, മണ്ഡലത്തിലെ പട്ടയ വിതരണം, പേരൂർക്കട മേൽപ്പാലം, പേരൂർക്കട ആശുപത്രി വികസനം, വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം തുടങ്ങിയ പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി.
നെയ്യാറ്റിൻകര മണ്ഡലത്തിലെ പത്താംകല്ലിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് കെ.ആൻസലൻ എംഎൽഎ യോഗത്തിൽ പറഞ്ഞു. നെയ്യാറ്റിൻകരയിലെ വിവിധ പി.ഡബ്യൂ.ഡി കെട്ടിട നിർമ്മാണങ്ങളുടെ നിലവിലെ സ്ഥിതി, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ 10 കോടിയുടെ സ്ഥലം ഏറ്റെടുക്കൽ, ഉദിയൻകുളങ്ങര മാർക്കറ്റ് നവീകരണം, കാരോട് കുടിവെള്ള പദ്ധതി, നെയ്യാറ്റിൻകര കോടതി പുതിയ കെട്ടിട നിർമ്മാണം, പൊഴിയൂർ കുടുംബാരോഗ്യ കേന്ദ്രം പുതിയ മന്ദിരം നിർമ്മാണം, പാഞ്ചിക്കാട്ട് കടവ് പാലം അപ്രോച്ച് റോഡ് നിർമ്മാണം, വെൺപകൽ ആശുപത്രി ഐസൊലേഷൻ വാർഡ് നിർമ്മാണം തുടങ്ങിയ പദ്ധതികളുടെ നിലവിലെ സ്ഥിതി യോഗത്തിൽ വിലയിരുത്തി.
പാറശ്ശാല, വെള്ളറട വീവേഴ്സ് കോളനി പട്ടയങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് സി.കെ ഹരീന്ദ്രൻ എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. പാറശ്ശാല ബസ് ടെർമിനൽ നിർമ്മാണം, നെയ്യാർഡാം ഡെസ്റ്റിനേഷൻ ഡെവലപ്പ്മെന്റ് പദ്ധതി, കുന്നത്തുകാൽ സ്റ്റേഡിയം നിർമ്മാണം തുടങ്ങിയ പദ്ധതികൾ ചർച്ച ചെയ്തു. പാറശ്ശാല മണ്ഡലത്തിലെ പത്തോളം പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിനെതിരെ ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടികൾ, പാലോട് ഫോറസ്റ്റ് റേഞ്ചിലെ അതിർത്തി പ്രദേശങ്ങളിലെ വന്യമൃഗശല്യം, ചിറയിൻകീഴ് കലാഗ്രാമം നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിവ യോഗത്തിൽ ചർച്ച ചെയ്തു.
കരുംകുളം ഗ്രാമപഞ്ചായത്ത് ഫുട്ബോൾ ഗ്രൗണ്ട് നിർമ്മാണം, അടിമലത്തുറ പാലം വീതി കൂട്ടൽ, വെള്ളായണി കായലിലെ കൃഷിഭൂമിയുടെ ഉടമകൾക്ക് നഷ്ടപരിഹാരം, അടിമലത്തുറ ഫുട്ബോൾ ഗ്രൗണ്ട് ഗ്യാലറിക്ക് അനുമതി, കാക്കാമൂല പാലം അപ്രോച്ച് റോഡ് നിർമ്മാണം തുടങ്ങിയ വിഷയങ്ങളാണ് എം.വിൻസെന്റ് എംഎൽഎ ഉന്നയിച്ചത്.
ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ.പ്രവീൺ, ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് സഫീർ ഇ തുടങ്ങിയവർ പങ്കെടുത്തു.