തിരുവനന്തപുരം:പശ്ചാത്തല വികസന മേഖലയിൽ മാജിക് പോലെയുള്ള വികസനങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് നടന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ബി എം ബി സി നിലവാരത്തിൽ നവീകരിച്ച അമ്പലം മുക്ക്- മുട്ടട -പരുത്തിപ്പാറ, അമ്പലം മുക്ക് – എൻസിസി എന്നീ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകൾ പരിശോധിച്ചാൽ വലിയ ശതമാനം റോഡുകളും ഈ കാലയളവിൽ ബിഎം ബിസി നിലവാരത്തിലേക്ക് മാറിയതായി കാണാം. റോഡ് നിർമ്മാണ രീതിയിൽ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പു വരുത്തുന്നവയാണ് ബിഎം ബിസി റോഡ്.
ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ ആദ്യയോഗത്തിൽ തന്നെ തീരുമാനിച്ചത് അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ 50% റോഡുകൾ ബിഎംബിസി റോഡുകളാക്കി മാറ്റണമെന്നാണ്. എന്നാൽ നാല് വർഷമായപ്പോൾ തന്നെ പകുതിയും യാഥാർഥ്യമാക്കാനായി.
സ്മാർട്ട് സിറ്റി ആയതോടെ തലസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറി. ഏറ്റവും മികച്ച റോഡുകൾ നിർമ്മിക്കുന്നതിൽ സംസ്ഥാന സർക്കാർ ഇടപെടൽ പോലെ തിരുവനന്തപുരം കോർപ്പറേഷന്റെ ഇടപെടലുകളുണ്ട്. ഇതുകൂടാതെ വട്ടിയൂർക്കാവ് ജംഗ്ഷൻ, അമ്പലമുക്ക് സാന്ത്വനം ജംഗ്ഷൻ, പേരൂർക്കട ജംഗ്ഷൻ വികസനം എന്നീ പ്രവർത്തികളും അനുവദിച്ചിട്ടുള്ളതാണ്.
സംസ്ഥാനത്ത് ദേശീയപാത 66 യാഥാർത്ഥ്യമാകുകയാണ്. 13 ജില്ലകളിലൂടെ കടന്നു പോകുന്ന മലയോര ഹൈവേ, തീരദേശ ഹൈവേ വരുന്നതിലൂടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ജനങ്ങൾക്ക് സൗകര്യപ്രദമായ നിലയിൽ യാത്രചെയ്യാൻ സാധിക്കും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിന് പണം കണ്ടെത്താൻ ഒരു സംസ്ഥാന സർക്കാർ തയ്യാറായി. അതിന്റെ ഭാഗമായി 444 കിലോമീറ്റർ പൂർത്തീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
വട്ടിയൂർക്കാവ് നിവാസികളുടെ സ്വപ്നം പോലെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അവസാനിക്കുന്നില്ലെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വികെ പ്രശാന്ത് എംഎൽഎ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.80 കോടി രൂപ ചെലവില്‍ ബിഎം ബിസി നിലവാരത്തിലാണ് അമ്പലംമുക്ക്-മുട്ടട-പരുത്തിപ്പാറ റോഡും അമ്പലംമുക്ക്-എന്‍.സി.സി റോഡും നവീകരിച്ചത്.
മുട്ടട ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ചേര്‍ന്ന യോഗത്തില്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍.സുരകുമാരി, കേശവദാസപുരം വാര്‍ഡ് കൗണ്‍സിലര്‍ അംശു വാമദേവന്‍, മുട്ടട വാര്‍ഡ് കൗണ്‍സിലര്‍ അജിത് രവീന്ദ്രന്‍, പേരൂര്‍ക്കട വാര്‍ഡ് കൗണ്‍സിലര്‍ ജമീല ശ്രീധരന്‍ പി, ചെട്ടിവിളാകം വാര്‍ഡ് കൗണ്‍സിലര്‍ മീന ദിനേശ്, പൊതുമരാമത്ത് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ വിമല വി ആർ തുടങ്ങിയവർ പങ്കെടുത്തു