നെയ്യാറ്റിൻകര: ഗ്യാസ് തുറന്നുവെച്ചതോർക്കാതെ അടുപ്പ് കത്തിച്ചതിനെ തുടർന്ന് തീപടർന്ന് പൊള്ളലേറ്റ് സ്ത്രീ മരിച്ചു.
പെരുമ്പഴുതൂർ, മുട്ടയ്ക്കാട്, കെൻസ ഹൗസിൽ സലിതകുമാരിയാണ് (52) മരിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം. തീപ്പൊള്ളലേറ്റ് സലിതകുമാരി നിലവിളിച്ചു.
അടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന മകൻ രാഹുൽ അടുക്കളയിലെത്തുമ്പോഴേക്ക് ശരീരത്തിലും വസ്ത്രത്തിലും തീകത്തിയ നിലയിലായ അമ്മയെയാണ് കണ്ടത്. ഉടനെ അയൽവീട്ടുകാരെ വിവരമറിയിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ടെക്നോപാർക്കിൽ ജോലിചെയ്യുന്ന മകൾ മേഘയ്ക്ക് പുലർച്ചെ രണ്ടരയ്ക്ക് ജോലിക്ക് പോകേണ്ടതിനാൽ രണ്ടുമണിയോടെ ഉണർന്ന് സലിതകുമാരി പ്രഭാതഭക്ഷണമുണ്ടാക്കി. മകൾ ജോലിക്ക് പോയശേഷം ഉറങ്ങാൻ കിടന്നശേഷം അഞ്ചുമണിയോടെ എഴുന്നേറ്റ് ചായയുണ്ടാക്കാൻ അടുപ്പ് കത്തിച്ചപ്പോഴാണ് അപകടം.
പ്രഭാതഭക്ഷണം ഉണ്ടാക്കിയശേഷം ഗ്യാസ് അടുപ്പ് അണയ്ക്കാൻ വിട്ടുപോയിരുന്നു. മുട്ടയ്ക്കാട് കവലയിൽ തട്ടുകട നടത്തുകയായിരുന്നു സലിതകുമാരി.