നെടുമങ്ങാട് : സൂപ്പർമാർക്കറ്റിൽ നിന്ന് വൻതോതിലുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ സൂപ്പർമാർക്കറ്റിലെ ഹെഡ് കാഷ്യർ അറസ്റ്റിലായി.
ഏകദേശം 50,000 രൂപ വിലമതിക്കുന്ന സാധനങ്ങളാണ് കഴിഞ്ഞ അഞ്ചുമാസത്തിനിടെ മോഷണം പോയതായി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിനിയായ യുവതിയെ പോലീസ് പിടികൂടി.
നെടുമങ്ങാടുള്ള സ്വകാര്യ സൂപ്പർമാർക്കറ്റിലാണ് സംഭവം നടന്നത്. ഈ മാസം നടത്തിയ സ്റ്റോക്ക് ക്ലിയറൻസിനിടെയാണ് വലിയ തോതിലുള്ള സാധനങ്ങളുടെ കുറവ് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹെഡ് കാഷ്യർ പൊൻഷീല (21) സാധനങ്ങൾ മോഷ്ടിച്ചതായി കണ്ടെത്തിയത്. തമിഴ്നാട് തെങ്കാശി ജില്ലയിലെ പാവൂർ ചിത്രം സ്വദേശിനിയായ ശാന്തിയുടെ മകളാണ് പൊൻഷീല.
സൂപ്പർമാർക്കറ്റിൽ നിന്ന് ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് സാധനങ്ങൾ മോഷണം പോയത്. ജീവനക്കാരുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് പൊൻഷീലയുടെ ബാഗിൽ നിന്ന് മോഷണം പോയതായി സംശയിക്കുന്ന സാധനങ്ങൾ കണ്ടെത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ, പ്രതി ഹോസ്റ്റലിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.