തിരുവനന്തപുരം :തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ ക്വലാലംപുരിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 40 ലക്ഷം രൂപ വിലയുള്ള സ്വർണം പിടികൂടി.
തമിഴ്‌നാട് സ്വദേശി സെന്തിൽകുമാർ രാജേന്ദ്രന്റെ പക്കൽനിന്നാണ് 360 ഗ്രാം തൂക്കമുള്ള 14 മാലകളും മൂന്ന് ബ്രെയിസ് ലെറ്റുകളുമുൾപ്പെട്ട ആഭരണങ്ങൾ കസ്റ്റംസ് പ്രിവന്റീവിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്.
ഇയാൾ ധരിച്ചിരുന്ന ജീൻസ് പാന്റ്സിന്റെ അടിവശത്തായി തുന്നിച്ചേർത്തനിലയിൽ ഒളിപ്പിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കണ്ടെടുത്തത്. രണ്ട് ജീൻസ് പാന്റ്‌സുകളാണ് ധരിച്ചിരുന്നത്. ഇവയിൽ ആദ്യത്തെ ജീൻസിന്റെ അടിയിലാണ് ഇവ തുന്നിച്ചേർത്തിരുന്നത്.
കസ്റ്റംസ് പരിശോധനയ്ക്കെത്തിയപ്പോൾ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഹാൻഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ ചോദ്യംചെയ്യലിൽ സ്വർണമുണ്ടെന്ന് ഇയാൾ സമ്മതിച്ചു. ഇവ മറ്റൊരാൾക്കാണു കൊണ്ടുവന്നതെന്നും അറിയിച്ചു.