വിഴിഞ്ഞം : ചരക്കുകളുടെ കയറ്റിറക്കിന് അന്താരാഷ്ട്ര തുറമുഖത്ത് വന്നുപോകുന്ന കപ്പലുകൾക്ക് ഇനി ഇവിടെനിന്ന് ഇന്ധനവും നിറയ്‌ക്കാനാകും.
കപ്പലുകളിൽനിന്ന് കപ്പലിലേക്കുള്ള ബങ്കറിങ് (ഷിപ്പ് ടു ഷിപ്പ് ബങ്കറിങ്) സർവീസിനാണ് ശനിയാഴ്ച തുറമുഖത്ത് തുടക്കമായത്.
ഇതിനുള്ള സൗകര്യമൊരുക്കിയതോടെ കപ്പലുകളിൽ ഇന്ധനം നിറയ്‌ക്കാൻ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയുമെന്നതും ഉറപ്പാക്കി.
ഇന്ത്യയുടെ ട്രാൻഷിപ്‌മെന്റ് ഹബ്ബായി കുതിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന് ഇതോടെ ലോകോത്തര കപ്പൽ കമ്പനികളുടെ കൂറ്റൻ കണ്ടെയ്‌നറുകൾ ഉൾപ്പെട്ട ഫീഡർ കപ്പലുകൾക്കാവശ്യമായ ഇന്ധനം നിറച്ചുനൽകുന്ന കേന്ദ്രമായും മാറും.