തിരുവനന്തപുരം:സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് 357 കളിക്കളങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ.
പാറശാല മണ്ഡലത്തിൽ പുതിയ 8 സ്റ്റേഡിയങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ചെമ്പൂരിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിക്ക് പുറമെയുള്ള കണക്കാണിത്. സ്പോർട്സ് കൗൺസിലുകൾക്ക് കീഴിൽ പഞ്ചായത്ത് തലത്തിൽ 600 സ്പോർട്സ് കൗൺസിലുകൾ രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. കളിക്കളത്തിനായി ഭൂമി വാങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ള പഞ്ചായത്തുകൾക്ക് കായിക വകുപ്പ് ധനസഹായം നൽകും.
പഞ്ചായത്ത് കളിക്കളങ്ങൾ പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാനാകുന്ന കേന്ദ്രങ്ങളായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്തുകളിൽ കായിക പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും വനിതകളെ ഉൾപെടുത്തി കായിക പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സംസ്ഥാനത്തെ കായിക രംഗം ചടുലമായ മാറ്റത്തിലാണെന്ന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച സി.കെ. ഹരീന്ദ്രൻ എം എൽ എ വ്യക്തമാക്കി. വീടിനടുത്ത് കളിക്കളം എന്ന ആശയത്തിലൂടെ കുട്ടികൾക്ക് കളിച്ച് വളരാൻ സൗകര്യമൊരുക്കുക എന്ന സർക്കാർ ലക്ഷ്യമാണ് നടപ്പിലാകുന്നത്. ലഹരിയുടെ പിടിയിൽപെട്ട് വഴിതെറ്റാതെ യുവതലമുറയെ നേർവഴിക്ക് നടത്താൻ കായിക പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കുന്നത്തുകാൽ പഞ്ചായത്ത് സ്റ്റേഡിയം രണ്ട് കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. ആര്യൻകോട് പഞ്ചായത്തിൽ ചെമ്പൂർ ഡി.അംബ്രോസ് മെമ്മോറിയൽ സ്റ്റേഡിയം, ഒറ്റശേഖരമംഗലം പഞ്ചായത്തിൽ കുറ്ററ സ്റ്റേഡിയം, കൊല്ലയിൽ പഞ്ചായത്തിൽ ധനുവച്ചപുരം ഗേൾസ് ഹൈസ്കൂൾ സ്റ്റേഡിയം, മഞ്ചവിളാകം സ്പോർട്സ് ടർഫ്, പാറശാല പഞ്ചായത്തിൽ കലാഗ്രാമം ഇൻഡോർ സ്റ്റേഡിയം, പെരുങ്കടവിള പഞ്ചായത്തിൽ അയിരൂർ ഗവ. എൽ.പി.എസ് സ്റ്റേഡിയം, അമ്പൂരി പഞ്ചായത്തിൽ കുട്ടമല ഗവ. യു. പി.എസ് സ്റ്റേഡിയം എന്നിവ ഒരു കോടി രുപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കുക.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം രാധിക, പെരുങ്കടവിള ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സിമി, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡൻ്റ് നവനേത് കുമാർ, പാറശാല പഞ്ചായത്ത് പ്രസിഡൻ്റ് മഞ്ചുസ്മിത, ആര്യങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാ കുമാരി തുടങ്ങിയവർ പങ്കെടുത്തു.