കടൽ കടന്ന് നെയ്യാറിലെ കരിമീനും വരാലും

IMG_20251030_233624_(1200_x_628_pixel)

തിരുവനന്തപുരം:  ഒട്ടേറെ പ്രത്യേകതകളുമായി തുടങ്ങിയ നെയ്യാർ റിസർവോയറിലെ കൂട് മത്സ്യകൃഷി ആഗോള ശ്രദ്ധയാകർഷിക്കുന്നു.

റീസർവോയറിൽ സ്ഥാപിച്ച കൂടുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന കരിമീനും വരാലും യു കെയിലേക്ക് കടൽ കടന്നു പോകുമ്പോൾ തദ്ദേശീയ ജനതക്കായി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഒരു പദ്ധതി കൂടിയാണ് ആഗോളതലത്തിൽ ജനശ്രദ്ധയാകർഷിക്കുന്നത്.

പദ്ധതി ആരംഭിച്ച് ഒരു വർഷത്തിനിപ്പുറം ഇവിടുത്തെ മത്സ്യകൃഷിയെ കുറിച്ച് വിദേശരാജ്യങ്ങളിൽ നിന്നടക്കം അന്വേഷണങ്ങൾ ഒഴുകിയെത്തുകയാണ് അതിലൂടെ ലോകത്തെ തന്നെ ആദ്യ സംരംഭമെന്ന നിലയിൽ നേരിട്ട ഒട്ടേറെ വെല്ലുവിളികളെ അതി ജീവിച്ച തദ്ദേശീയ ഗോത്ര വിഭാഗത്തിൽപെട്ട ജീവനക്കാരുടെ വിജയഗാഥ കൂടി ആയി മാറുകയാണ് നെയ്യാറിലെ ഈ കൂട് മത്സ്യകൃഷി.

നോക്കി നിൽക്കുമ്പോൾ മഴ പെയ്യുകയും അതിനടുത്ത നിമിഷം വെയിൽ പാറുകയും ചെയ്യുന്ന സഞ്ചാരികളുടെ പ്രിയ സ്പോട്ടുകളിലൊന്നായ അമ്പൂരി പുരവിമലയുടെ താഴ്വരയിൽ നെയ്യാർ റിസർവോയറിൽ നടപ്പിലാക്കിയ കൂട് മത്സ്യകൃഷി ശാസ്ത്രീയ സമീപനം കൊണ്ടും ലക്ഷ്യനേട്ടം കൊണ്ടുമാണ് ശ്രദ്ധിക്കപ്പെടുന്നത്. ശുദ്ധജലാശയങ്ങളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കരിമീൻ കൃഷിയും കൂടുകളിൽ വരാൽ കൃഷിയും ആഗോളതലത്തിൽ തന്നെ ആദ്യമായി നടപ്പിലാക്കിയതെന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. റിസർവോയറിലെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെയാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഗോത്രവർഗ്ഗക്കാരായ തദ്ദേശീയ ജനതയ്ക്ക് ജീവനോപാധി ഉറപ്പുവരുത്തുക, പ്രദേശവാസികളായ ആളുകൾക്ക് കലർപ്പില്ലാത്ത മത്സ്യം പ്രദാനം ചെയ്യുക പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ തദ്ദേശീയ ഇനം മത്സ്യങ്ങളെ മാത്രം ഉൽപാദനത്തിനായി തിരഞ്ഞെടുക്കുക തുടങ്ങിയ അടിസ്ഥാനങ്ങളിലൂന്നിയാണ് സർക്കാർ കൂട് മത്സ്യകൃഷി പദ്ധതി വിഭാവനം ചെയ്തത്.

നദികളിലെ ഡാമുകളുടെ നിർമ്മാണം, അശാസ്ത്രീയ മത്സ്യബന്ധനം തുടങ്ങി പല കാരണങ്ങളാൽ ഡാമുകളുടെ വൃഷ്ടി പ്രദേശത്തെ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും,മത്സ്യബന്ധനം ഉപജീവനമാർഗ്ഗമായി അവലംബിച്ചിരുന്ന ഗോത്ര വിഭാഗങ്ങൾക്ക് തൊഴിൽ നഷ്ടമാവുകയും ചെയ്യുന്നത് കണ്ടെത്തുകയും ഗോത്ര വിഭാഗങ്ങൾക്കിടയിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണത്തിന്റെ രൂക്ഷമായ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് റിസർവ്വോയറുകളിൽ കൂട് മത്സ്യക്കൃഷി പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാർട്ടിസിപ്പേറ്ററി ഇന്റഗ്രേറ്റഡ് ഫിഷറീസ് ഡെവലപ്മെന്റ് ഇൻ സെലക്റ്റഡ് റിസർവ്വോയേഴ്‌സ് ഓഫ് കേരള എന്ന പദ്ധതി നെയ്യാർ, പീച്ചി, ഇടുക്കി റിസർവ്വോയറുകളിൽ നടപ്പിലാക്കാൻ തീരുമാനിച്ചു. പി.എം.എം.എസ് വൈയിൽ ഉൾപ്പെടുത്തി 10.81 കോടി രൂപ ചെലവിലാണ് പദ്ധതി ആരംഭിച്ചത്.

 

നെയ്യാർ റിസർവ്വോയറിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ് തദ്ദേശീയമായി കാണപ്പെടുന്ന കരിമീൻ, വരാൽ മുതലായ മത്സ്യ ഇനങ്ങളെ മറ്റു ജലആവാസ സമൂഹത്തെ ബാധിക്കാത്ത തരത്തിൽ പ്രത്യേക കേജുകളിൽ വളർത്തുന്നതിനായി തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പദ്ധതി നിർവ്വഹണത്തിലെ ഓരോ ഘട്ടവും ആദ്യം ആരംഭിച്ച യൂണിറ്റ് എന്ന നിലയിൽ നെയ്യാറിൽ പരീക്ഷണ വിധേയമാക്കി വിജയിപ്പിച്ചതിന് ശേഷമാണ് പിന്നീട്് ഇടുക്കി, പീച്ചി റിസർവ്വോയറുകളിൽ നടപ്പിലാക്കിയത്.

മത്സ്യബന്ധന വകുപ്പിന് കീഴിലുളള ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (എ.ഡി.എ.കെ) എന്ന സ്ഥാപനം മുഖേന 2024 ൽ നെയ്യാറിൽ നടപ്പിലാക്കിയ പദ്ധതിയിൽ പുരവിമല സെറ്റിൽമെന്റിലെ 14 പേർക്കാണ് തൊഴിൽ ലഭിച്ചത്. വിവിധ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയിൽ ഉൾപ്പെടുന്ന വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ള ഇവർക്ക് പെരുവണ്ണാമൂഴി റിസർവ്വോയറിൽ കേജ് മാനേജ്മെന്റിൽ പ്രാഥമിക പരിശീലനം നൽകി. കരിമീൻ വരാൽ എന്നീ മത്സ്യങ്ങളുടെ കൃഷിരീതിയെ സംബന്ധിച്ച് നെയ്യാർ റിസർവ്വോയറിൽ വച്ചു തന്നെ നിരന്തരമായ തുടർ പരിശീലനങ്ങളും നൽകിയതിനുശേഷമാണ് ജോലിയിൽ പ്രവേശിപ്പിച്ചത്.

 

മത്സ്യകൃഷി, മത്സ്യബന്ധനം, മത്സ്യവിപണനം എന്നീ വിവിധ മേഖലകളെ സംയോജിപ്പിച്ചാണ് നിർവഹണ ഏജൻസി ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. പദ്ധതി പ്രദേശം വന്യജീവിസംരക്ഷണ നിയമ പ്രകാരമുളള സംരക്ഷിതമേഖല ആയതിനാൽ വനം വകുപ്പിന്റെ അനുമതി പദ്ധതി നിർവ്വഹണത്തിന് ആവശ്യമായിരുന്നു. പദ്ധതിയുടെ ഗുണഭോക്താക്കൾ വനം വകുപ്പിന് കീഴിലുളള ഇക്കോ ഡെവല്പമെന്റ് കമ്മിറ്റികളിലെ ഗോത്ര വിഭാഗക്കാരാകണമെന്നും വളർത്തുന്ന മത്സ്യങ്ങൾ അതാത് പ്രദേശത്തെ തദ്ദേശമത്സ്യങ്ങളായിരിക്കണമെന്നുമുളള വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭ്യമാക്കികൊണ്ടാണ് പദ്ധതിക്കായി നെയ്യാർ റിസർവ്വോയറിലേയ്ക്ക് അനുവദിച്ചിട്ടുള്ള യൂണിറ്റ് പുരവിമല കടവിന് സമീപത്തായി സ്ഥാപിക്കുന്നത്. ആറ് മീറ്റർ നീളവും നാല് മീറ്റർ ഉയരവും നാല് മീറ്റർ വീതിയുമുള്ള 100 ഹൈ ഡെൻസിറ്റി പോളി എത്തിലീൻ (എച്.ഡി.പി.ഇ) ഫ്ളോട്ടിംഗ് കേജുകളാണ് കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഇതിന്റെ ഭാഗമായി നെയ്യാറിൽ സ്ഥാപിച്ചത്. ഇതിൽ സോളാർ വിളക്കുകളും 16 സിസിടിവി ക്യാമറകളും സംഭരണമുറി, വിശ്രമമുറി, സ്റ്റോർമുറികൾ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ബോട്ടും, വളളങ്ങളും, മത്സ്യബന്ധന വലകളും ഗുണഭോക്താക്കൾക്ക് നൽകിയിട്ടുമുണ്ട്. വിളവെടുത്ത മത്സ്യങ്ങളുടെ വിപണനത്തിനായി ഓരോ കാരിയർ വാഹനവും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.

എല്ലാ ബുധനാഴ്ചയും ഞായറാഴ്ചയും പൊതുജനങ്ങൾക്ക് ഇവിടെ മത്സ്യവിൽപന നടത്തിവരുന്നു. ഒരു കിലോ കരിമീനിന് 450 രൂപയും ഒരു കിലോ വരാലിന് 350 രൂപയുമാണ് വില. തദ്ദേശ വാസികൾക്ക് ആവശ്യമുള്ളത് കഴിഞ്ഞുളള മത്സ്യം കയറ്റി അയച്ചാലോ എന്ന് ആശയത്തിന് പിന്നാലെ യു.കെ.യിലേയ്ക്ക് സാമ്പിൾ അയക്കുകയും ഗുണനിലവാര പരിശോധനയെ തുടർന്ന് 500 കിലോഗ്രാം വീതമുള്ള കൺസൈൻമെന്റുകളായി കയറ്റുമതി ചെയ്യുന്നതിന് ഓർഡർ ലഭിക്കുകയും ചെയ്തും. ഇതിനോടകം അഞ്ചു ടണ്ണിൽ അധികം മത്സ്യം കയറ്റി അയക്കാനും വിൽക്കാനുമായി സാധിച്ചു.

 

ആരംഭത്തിൽ വളരെയധികം സാങ്കേതിക പ്രതിസന്ധികൾ ഉണ്ടായെങ്കിലും അവയെല്ലാം ശാസ്ത്രീയമായ മത്സ്യകൃഷിയിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഗോത്ര വിഭാഗത്തിൽപ്പെട്ടവരെ കൊണ്ടുതന്നെ വിജയകരമായി തരണം ചെയ്യാൻ സാധിച്ചു എന്നത് പദ്ധതിയുടെ വലിയ വിജയമാണെന്ന് പദ്ധതി പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കുന്ന സി.കെ ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.

നെയ്യർ റീസർവോയറിലെ കരിമീനും വരാലിനും ഒപ്പം കടൽ കടക്കുന്നത് ഒരു തദ്ദേശ ജനതയുടെ വിജയഗാഥ കൂടിയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!