തിരുവനന്തപുരം:തൊഴിലാളികളുടെ യഥാർത്ഥ ജീവിതച്ചെലവിന് ആനുപാതികമായ ക്ഷാമബത്ത ഉറപ്പാക്കുന്നതിനായുള്ള കുടുംബ ബജറ്റ് സർവേയ്ക്ക് ജില്ലയിൽ തുടക്കമായി.
സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പും തൊഴിൽ വകുപ്പും സംയുക്തമായാണ് സർവേ നടത്തുന്നത്.
വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളി കുടുംബങ്ങളുടെ വരുമാനം, ചെലവ്, ഉപഭോഗ രീതി എന്നിവ ശാസ്ത്രീയമായി വിലയിരുത്തി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് സർവേയുടെ പ്രധാന ലക്ഷ്യം, സർവേയുടെ മേൽനോട്ടത്തിനായി തൊഴിലാളി, തൊഴിലുടമ, ഉദ്യോഗസ്ഥർ, വിദഗ്ദ്ധ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്ന 21 അംഗ ‘കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് റിവിഷൻ കമ്മിറ്റി’ രൂപീകരിച്ചിട്ടുണ്ട്.
ഭക്ഷണം, വസ്ത്രം, താമസം, വിദ്യാഭ്യാസം, ആരോഗ്യ പരിചരണം. വിനോദം തുടങ്ങിയ ആവശ്യങ്ങൾക്ക് കാർഷിക വ്യാവസായിക തൊഴിലാളി കുടുംബങ്ങൾ ഒരു വർഷം ചെലവഴിക്കുന്ന പണത്തെ അടിസ്ഥാനമാക്കിയാണ് ഉപഭോക്തൃവില സൂചിക കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളുടെ ക്ഷാമബത്ത പുതുക്കി നിശ്ചയിക്കും.
ആദ്യഘട്ടത്തിൽ, മിനിമം വേതന നിയമം ബാധകമായ മേഖലകളിലെ തൊഴിൽ കേന്ദ്രങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണം ശേഖരിക്കും. അടുത്ത ഘട്ടത്തിൽ, തിരഞ്ഞെടുത്ത തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള സമഗ്ര വിവരശേഖരണം നടത്തും. ഇതിൽ കുടുംബാംഗങ്ങളുടെ വിവരങ്ങൾ, വരുമാനം, വീടിന്റെ അവസ്ഥ, സൗകര്യങ്ങൾ തുടങ്ങി ദൈനംദിനം ഉപഭോഗം ചെയ്യുന്ന എല്ലാ സാധന-സേവന സാമഗ്രികളുടെയും അളവും മൂല്യവും ഉൾപ്പെടെ ശേഖരിക്കുന്നു.
സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷൻ മുഖേനയാണ് വിവര ശേഖരണം നടത്തുന്നത്. വിവരങ്ങൾ വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധിക്കുകയും തുടർന്ന് ഉപഭോക്തൃ വില സൂചികാ നിർണ്ണയത്തിന് ഉതകുംവിധം റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യും. ഇതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നൽകിയിട്ടുണ്ട്. കൂടാതെ, സർവേയുടെ നിർവഹണത്തിനും വിപണിയിൽ നിന്ന് നിത്യോപയോഗ സാധനങ്ങളുടെ വില ശേഖരിക്കുന്നതിനും സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പരിശീലനവും നൽകിയിട്ടുണ്ട്.
കുടുംബ ബജറ്റ് സർവേയുടെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റിൽ ജില്ലാ കളക്ടർ അനു കുമാരി നിർവഹിച്ചു. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അനീഷ്‌കുമാർ.ബി, ജില്ലാ ലേബർ ഓഫീസർ രജിത.ആർ, എ.ഐ.ടി.യു.സി ജില്ലാ ജോയിൻറ് സെക്രട്ടറി പി.എസ്. നായിഡു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ആന്റണി ആൽബർട്ട്, കേരള സ്റ്റേറ്റ് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ആദർശ് ചന്ദ്രൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
 
								 
															 
															 
															









