തിരുവനന്തപുരം:ബജറ്റ് ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച കരകുളം നീന്തൽക്കുളം നാടിന് സമർപ്പിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നീന്തൽക്കുളത്തിന്റെ നവീകരണ ഉദ്ഘാടനം നിർവ്വഹിച്ചു.
ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ജീവിതത്തെ സ്വാധീനിക്കുന്നതാണ് നീന്തൽ പരിശീലനമെന്ന് മന്ത്രി പറഞ്ഞു.
നിരവധി നീന്തൽക്കുളങ്ങളും നീന്തൽ പരിശീലനവും നടക്കുന്ന ഒരു മണ്ഡലമാണ് നെടുമങ്ങാട്. നീന്തൽക്കുളങ്ങളിൽ പരിശീലനം നേടുന്ന നിരവധി പേർക്ക് സർക്കാർ ജോലി ലഭിക്കുന്നുണ്ട്. ഇത്തരം സൗകര്യങ്ങൾ നന്നായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബേബി പൂളും ഓപ്പൺ ജിമ്മും നീന്തൽക്കുളത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാ റാണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.