തിരുവനന്തപുരം: പിഎസ്‌സിയുടെയും കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്രയുടെയും വ്യാജ അഡ്വൈസ് മെമ്മോ ഉൾപ്പെടെ തയ്യാറാക്കി വമ്പൻ നിയമന തട്ടിപ്പ്.
തിരുവനന്തപുരം പിഎസ്‌സി ഓഫീസ് പരിസരത്തുവെച്ചുപോലും പണം വാങ്ങി നടത്തിയ തട്ടിപ്പിൽ ഡോക്ടർമാരും നഴ്‌സുമാരുംമുതൽ അധ്യാപകർവരെ കബളിപ്പിക്കപ്പെട്ടു.
ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങി നടത്തിയ തട്ടിപ്പിനുപിന്നിൽ വൻ റാക്കറ്റെന്ന് സൂചന. വ്യാജ നിയമന ഉത്തരവുമായി ഇവരിൽ ചിലർ ശ്രീചിത്രയിൽ സെപ്റ്റംബർ 12-ന് ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാകുന്നത്.
ജോലിനൽകാമെന്ന പേരിൽ 15 ലക്ഷം രൂപ കബളിപ്പിച്ചെന്ന് കാണിച്ച് ഇടുക്കി ഏലപ്പാറ സ്വദേശികൾ പോലീസിന് പരാതി നൽകിയപ്പോഴാണ് തട്ടിപ്പുവിവരം പുറത്തറിഞ്ഞത്.
ശ്രീചിത്രയിൽ ‘പിഎസ്‌സി’യുടെ നിയമന ഉത്തരവുമായി അതേദിവസം അൻപതോളം പേരെത്തിയിരുന്നു.
ബെന്നി പെരുവന്താനം, രാജേഷ്, ഫൈസൽ, അഗസ്റ്റിൻ എന്നിവരാണ് തട്ടിപ്പ് നടത്തിയിതെന്നാണ് പരാതിയിലുള്ളത്.
തിരുവനന്തപുരം നേമത്തുള്ള രാജേഷിന്റെ വീട്ടിൽച്ചെന്നാണ് പണത്തിന്റെ പകുതി നൽകിയതെന്ന് പരാതിക്കാർ പറഞ്ഞു. എന്നാൽ, ഈ വീട് ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. ഇവരുടെയെല്ലാം മൊബൈൽഫോണുകളും ഏറെനാളായി പ്രവർത്തിക്കുന്നില്ല