തിരുവനന്തപുരം: പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി എസ്എടി ആശുപത്രി അധികൃതര്‍.
പ്രസവം കഴിഞ്ഞ് ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളില്‍ ശിവപ്രിയയ്ക്കും കുഞ്ഞിനും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ശിവപ്രിയ ആരോഗ്യവതിയെന്ന് പരിശോധനയില്‍ വ്യക്തമായ ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഗര്‍ഭസ്ഥ ശിശുവിന് ചലനം കുറവായിരുന്നുവെന്ന കാരണത്താലാണ് ഒക്ടോബര്‍ 19-ന് ശിവപ്രിയയെ മറ്റൊരു ആശുപത്രിയില്‍നിന്ന് എസ്എടി ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തത്. തുടര്‍ന്ന് 37 ആഴ്ച പൂര്‍ത്തിയായ ശിവപ്രിയയെ പ്രസവിപ്പിക്കാന്‍ തീരുമാനിച്ചു. അതിനുവേണ്ട മരുന്നുകളും ചികിത്സയും നല്‍കുകയും 22 ന് പ്രസവിക്കുകയും ചെയ്തു. 24-ന് ഡിസ്ചാര്‍ജ് ചെയ്തശേഷം 26-ന് പനിയും വയറിളക്കവും ബാധിച്ച് ആശുപത്രിയിലെത്തിയ ശിവപ്രിയയ്ക്ക് നടത്തിയ പരിശോധനയില്‍ സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥ സ്ഥിരീകരിച്ചു. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ചികിത്സ ഏകോപിപ്പിക്കുകയും മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തുവെങ്കിലും രോഗാവസ്ഥ മൂര്‍ച്ഛിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 11.50-നാണ് മരണം സംഭവിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.
എല്ലാ ദിവസവും 20 മുതല്‍ 30 വരെ പ്രസവങ്ങള്‍ ഇവിടെ നടക്കാറുണ്ട്. ശിവപ്രിയയയുടെ പ്രസവം നടന്ന 22-ാം തീയതി 17 പ്രസവങ്ങളാണ് നടന്നത്. ഇവര്‍ക്കൊന്നും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലക്ഷ്യ സ്റ്റാന്റേര്‍ഡ് പ്രകാരം (കേന്ദ്രസര്‍ക്കാരിന്റെ ഗുണനിലവാര മാര്‍ഗരേഖ) 98 ശതമാനം സ്കോര്‍ നേടിയിട്ടുള്ള ഈ ആശുപത്രിയില്‍ ലേബര്‍ റൂമിലും ഓപ്പറേഷന് തീയേറ്ററിലും എല്ലാ മാസവും നടത്തുന്ന അണുവിമുക്ത പരിശോധന മൈക്രോബയോളജി വിഭാഗം ഒക്ടോബര്‍ 18-ന് നടത്തി അണുവിമുക്തമാണെന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.
മറ്റു സ്വകാര്യ ആശുപത്രികളില്‍ നിന്നടക്കം സങ്കീര്‍ണാവസ്ഥയിലെത്തുന്ന രോഗികളെയാണ് മിക്കപ്പോഴും എസ്എടിയിലേയ്ക്ക് വിടുന്നത്. അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും കുറവ് മരണ നിരക്കുള്ള ആശുപത്രികൂടിയാണിത്. സങ്കീര്‍ണാവസ്ഥയിലുള്ള രോഗികളെപ്പോലും ചികിത്സിച്ചു ഭേദമാക്കി മരണ നിരക്ക് കുറയ്ക്കാന്‍ എസ്എടിയിലെ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിവരുന്നതായും സൂപ്രണ്ട് പറഞ്ഞു.
എസ്എടി ആശുപത്രിയിലെ പ്രസവത്തിന് പിന്നാലെ ചികിത്സാപ്പിഴവുണ്ടായി അണുബാധയേറ്റാണ് ശിവപ്രിയ(26)യയുടെ മരണം സംഭവച്ചിതെന്നാണ് ബന്ധുക്കളുടെ ആരോപണം.
