തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്ര ന്യൂനമർദം ‘ഡിറ്റ് വാ’ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു.
വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്-പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് ഇത് നീങ്ങാനാണ് സാധ്യത.
തമിഴ്നാട്-ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് നിലവിൽ കേരളത്തിനു വലിയ ഭീഷണി ഉയർത്തില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ കേരളത്തിൽ നവംബർ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.