കാട്ടാക്കട : ബൈക്ക് നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസിനടിയിലേക്കു വീണ് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു.
ഒറ്റശേഖരമംഗലം പഞ്ചായത്തിലെ മണ്ഡപത്തിൻകടവ് വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയായ സുനിതയുടെയും മണ്ഡപത്തിൻകടവ് കുറ്ററ വെള്ളംകൊള്ളി പുത്തൻവീട്ടിൽ പരേതനായ ചന്ദ്രന്റെയും മകൻ അഭിജിത്താണ് (23) മരിച്ചത്.
ബുധനാഴ്ച പുലർച്ചെ 5.40-ഓടെ കാട്ടാക്കട- മണ്ഡപത്തിൻകടവ് റോഡിൽ ആമച്ചൽ മുസ്‌ലിം പള്ളിക്കു സമീപമായിരുന്നു അപകടം. മണ്ഡപത്തിൻകടവിൽനിന്നും ബൈക്കിൽ വരുമ്പോൾ റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീകളുടെ കൈയിൽത്തട്ടി നിയന്ത്രണംവിട്ട് ഇടതുവശത്തുകൂടി എതിരേ വരുകയായിരുന്ന ബസിനടിയിലേക്ക് വീഴുകയായിരുന്നു.
കാട്ടാക്കട കിള്ളിയിലെ സ്വകാര്യ പാൽ കമ്പനിയിലെ ജീവനക്കാരനാണ് അഭിജിത്ത്. രാവിലെ ജോലിക്കു പോകുന്നതിനിടെയാണ് അപകടം. സഹോദരൻ: ശ്രീജിത്ത്.