തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നവംബർ 20-ന് ആരംഭിച്ച മുറജപത്തിൽ രണ്ട് മുറയിലെ ജപം അവസാനിച്ചു. മൂന്നാംമുറയിലെ ജപം ശനിയാഴ്ച രാവിലെ ആരംഭിക്കും.
രണ്ടാംമുറ അവസാനിച്ച വെള്ളിയാഴ്ച രാത്രി കമലവാഹനത്തിൽ മുറശീവേലി നടന്നു. ക്ഷേത്രംസ്ഥാനി മൂലംതിരുനാൾ രാമവർമ ഉടവാളേന്തി ശീവേലിക്ക് അകമ്പടി വന്നു. തന്ത്രിമാർ, യോഗത്തിൽ പോറ്റിമാർ തുടങ്ങിയവർ കാർമികരായി.
ശനിയാഴ്ച രാവിലെ 6.30-ന് കിഴക്കേ ശീവേലിപ്പുരയിലും കുലശേഖരമണ്ഡപത്തിലും വേദമന്ത്രജപം മുഴങ്ങും. 13-ന് മൂന്നാംമുറയിലെ ജപം അവസാനിക്കും. അന്ന് ഇന്ദ്രവാഹനത്തിലാണ് മുറശീവേലി നടക്കുന്നത്. ഏഴുമുറകളുള്ള ജപത്തിൽ ശേഷിച്ച നാലുമുറകൾ എട്ടുദിവസം ഇടവിട്ട് ആവർത്തിക്കും.